
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് യുവനടി അനന്യ പാണ്ഡെയെ (Ananya Panday) നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി/ NCB) തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രണ്ട് മണിക്കൂറിലേറെയും ഇന്ന് നാല് മണിക്കൂറും അനന്യയെ എന്‍സിബി ചോദ്യം ചെയ്‍തു. നടിയുടെ ചോദ്യംചെയ്യല്‍ തിങ്കളാഴ്ചയും തുടരും. ബുധനാഴ്ച ആര്യന്‍ ഖാന്‍റെ (Aryan Khan) ജാമ്യാപേക്ഷ പരിഗണിക്കവെ ഒരു പുതുമുഖ നടിയുമായി ആര്യന്‍ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എന്‍സിബി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ നടിയാണ് അനന്യ പാണ്ഡെ.
ആര്യന്‍ ഖാന് ജാമ്യമില്ല; ആര്‍തര്‍ റോഡ് ജയിലില്‍ തുടരും
കഞ്ചാവ് കിട്ടാൻ ആര്യൻ ഖാൻ അനന്യയുടെ സഹായം തേടിയതായി വാട്‍സ്ആപ്പ് ചാറ്റുകൾ തെളിവായി ഉണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു. കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്‍ത സന്ദര്‍ഭങ്ങളില്‍ വാട്‍സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്‍തിട്ടുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും എന്‍സിബി. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു പഴയ ഹാന്‍ഡ്‍സെറ്റും മറ്റൊന്ന് മാസങ്ങള്‍ക്കു മുന്‍പ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവന്‍ ഡാറ്റയും എന്‍സിബി പരിശോധിക്കും. എന്നാൽ ആരോപണങ്ങളെല്ലാം അനന്യ നിഷേധിച്ചു.
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും
അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം. ലോക്ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങൾ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു. എന്നാൽ രാഷ്ട്ര സേവനത്തിന്‍റെ പേരിൽ ജയിലിൽ പോവാൻ താൻ തയ്യാറാണെന്ന് സമീർ വാങ്കഡെ തിരിച്ചടിച്ചു. പണം തട്ടുന്ന സംഘമെന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സമീർ വാങ്കഡെ പ്രതികരിച്ചു. സർക്കാരിന്‍റെ അനുമതി വാങ്ങിയാണ് മാലിദ്വീപിൽ പോയത്. എന്നിട്ടും തന്‍റെ കുടുംബത്തെയടക്കം മന്ത്രി വേട്ടയാടുകയാണെന്നും സമീർ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ