
സോയ അക്തറിന്‍റെ ആർച്ചീസ് ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ബോളിവുഡിലെ നെപ്പോട്ടിസം (Nepotism) പിന്നെയും സജീവ ചർച്ചയാണ്. താര സന്തതികളുടെ മക്കൾക്ക് കിട്ടുന്ന പ്രത്യേക പരിഗണന സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുടെ സമയം തൊട്ട് വിവാദമാണ്. കാര്യവും കാരണവും ഉന്നയിച്ചുള്ള വിമർശനങ്ങൾക്ക് പിന്നാലെ കങ്കണ റണാവത്തിന്‍റെ വിഷം തുപ്പുന്ന വർത്തമാനങ്ങൾ കൂടി ആയപ്പോൾ സംഗതി ജഗപൊഗയായി.
ഒരിടവേളക്ക് ശേഷം വീണ്ടും നെപ്പോട്ടിസം വാർത്തകളിലെത്തുകയാണ്. ഷാരൂഖ് ഖാന്‍റെ മകളും ശ്രീദേവിയുടെ മകളും അമിതാഭ് ബച്ചന്‍റെ പേരക്കുട്ടിയും താരനിരയിലുൾപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജാവേദ് അക്തറിന്‍റെ മകൾ, ഫർഹാന്‍റെ സഹോദരി സോയ. താര പാരമ്പര്യം സിനിമയുടെ മുൻനിരയിലും അണിയറയിലും വഴിഞ്ഞൊഴുകുന്നു. ചർച്ചയാകുന്ന നെപ്പട്ടിസത്തിന്‍റെ മറുവശം നോക്കുന്നതാണ് ഈ കുറിപ്പ്. കുടുംബപാരമ്പര്യം കൊണ്ട് മാത്രമല്ല ബോളിവുഡിൽ ആരും താരമാകുന്നതും വിജയമാകുന്നതെന്നും ഉള്ള വശം.
ബോളിവുഡിന്‍റെ കാരണവർ സ്ഥാനത്തുള്ള കപൂർ കുടുംബത്തിൽ നിന്ന് തുടങ്ങാം മറുവാദം. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ഷോമാനായ രാജ് കപൂറിന്‍റെ മൂന്ന് ആൺമക്കളും സിനിമയിലെത്തി. പക്ഷേ രൺബീറോ പിന്നീട് റിഷിയോ ഉണ്ടാക്കിയ ഹിറ്റുകളോ അവരുടെ പോലെ സാന്നിധ്യമറിയിക്കാനോ കഴിയാതെ പോയി രാജീവിന്. രാം തേരി ഗംഗാമൈലിയിലെ നരേയ്ൻ മാത്രമാണ് രാജീവിന്‍റെ മുഖം ഹിന്ദി പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് രാജീവ് അഭിനയിച്ചത്. കേമൻമാരായ സഹോദരൻമാരുടെയോ അതികേമനായ അച്ഛന്‍റെയോ തലപ്പൊക്കം ബോളിവുഡിലുണ്ടാക്കാൻ രാജീവിന് കഴിഞ്ഞില്ല.
രാജ്കപൂറിന്‍റെ സഹോദരങ്ങളായ ഷമ്മി കപൂറിന്‍റെയും ശശി കപൂറിന്‍റെയും മക്കളും ബോളിവുഡിന്‍റെ ഉമ്മറത്ത് ചാരുകസേലയിട്ടിരുന്നില്ല. അമ്മമാരും അഭിനേത്രികളായിട്ടും. ഷമ്മിയുടെ മകൻ ആദിത്യ ചില സിനിമകളിൽ മുഖം കാണിച്ചു, സംവിധാനസഹായിയായി. പിന്നെ ശ്രദ്ധ ബിസിനസിലായി. ശശിയുടെ മൂത്ത മകൻ കുനാൽ ആകെ മുഖം കാണിച്ചത് എട്ട് സിനിമകളിൽ(1972-2019). കുനാൽ കൂടുതൽ ശ്രദ്ധിച്ചത് പരസ്യചിത്ര നിർമാണത്തിലായിരുന്നു. രണ്ടാമൻ കരൺ അഭിനയിച്ചത് എണ്ണാൻ രണ്ട് കൈ പോലും വേണ്ടാത്ത സിനിമകളിൽ മാത്രം. ബോംബെ ഡൈയിങ് പരസ്യങ്ങളിലെ പൂച്ചക്കണ്ണൻ സുന്ദരൻ പരസ്യചിത്രങ്ങളുടെ ലോകത്ത് നിന്ന് നടന്നത് ക്യാമറ കയ്യിലേന്താനാണ്. പ്രസിദ്ധനായ ഫോട്ടോഗ്രാഫറാണ് കരൺ. ഇവരുടെ അനുജത്തി സഞ്ജന തീയേറ്ററാണ് തട്ടകമാക്കിയത്. കാരണവൻമാർ തുടങ്ങിയ പൃഥ്വി തീയേറ്റേഴ്സ് കുറേക്കാലം നോക്കിനടത്തിയ ശേഷം ഇപ്പോൾ ജുനൂൻ തീയേറ്റർ എന്ന പ്രസ്ഥാനം തുടങ്ങി. ചെറുനഗരങ്ങളിലെ നാടകാവതരണമാണ് പരിപാടി.
The Archies : സോയ അക്തറിന്റെ 'ദ ആർച്ചീസ്' ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ഇത്രയും പറഞ്ഞവരത്രയും കാരണവൻമാരുടെ നിഴലുണ്ടായിരുന്നിട്ടും അവിടെ തിളങ്ങാത്തവരോ അവിടം വിട്ടവരോ ആണ്. സാക്ഷാൽ അമിതാഭ് ബച്ചന്‍റെയും ജയാഭാദുരിയുടേയും മകൻ സ്വന്തം മേൽവിലാസത്തിൽ വിജയം നേടിത്തുടങ്ങിയതും നിരൂപകപ്രശംസ നേടിത്തുടങ്ങിയതും കുറേക്കാലം കഷ്ടപ്പെട്ടിട്ടാണ്. വെള്ളിത്തളികയിൽ വെച്ചുനീട്ടി അഭിഷേകിന് ഒന്നും കിട്ടിയിട്ടില്ല. രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ ഹിന്ദി സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളുടെ മക്കളും സിനിമയിൽ തിളങ്ങിയില്ല. ടീന എന്ന ട്വിങ്കിൾ അഭിനയിച്ചത് ഇരുപതിൽ താഴെ സിനിമകളിലാണ്. പ്രശസ്തിയും പ്രശംസയും നേടിയത് കോളമിസ്റ്റായും ഇന‍്‍റീരിയർ ഡിസൈനറായുമാണ്. അനിയത്തി റിങ്കിയാകട്ടെ പത്തിൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ചു. അച്ഛനമ്മമാരുടെ പേരും പ്രശസ്തിയും രണ്ടുപേർക്കും സ്വന്തമായൊരു താരത്തിളക്കമുണ്ടാക്കാൻ സഹായകരമായില്ല.
സൽമാൻ ഖാന്‍റെ ഇളയ അനിയൻ സൊഹൈൽ ഖാൻ കൂടുതൽ തിളങ്ങിയത് സിനിമയുടെ പിന്നാമ്പുറത്താണ്. അർബാസ് കുറച്ചു കൂടി അഭിനയിച്ചു. പക്ഷേ രണ്ടുപേരും സൽമാന്റെ താര പരിവേഷത്തിനൊപ്പമെത്തിയില്ല. സൽമാൻഖാനും സഹോദരങ്ങളും അച്ഛൻ സലീമിന്‍റെ അനുഗ്രഹത്തോടെ ബോളിവുഡിൽ അവസരം കൊടുത്ത പുതുമുഖങ്ങൾ കുറച്ചൊന്നുമല്ല എന്നതു കൂടി ഇതിനോട് ചേർത്ത് വായിക്കണം. അമീർഖാന്‍റെ സഹോദരൻ ഫൈസൽ ഖാനും പാരമ്പര്യം കൊണ്ട് രക്ഷപ്പെടാത്ത താരസഹോദരനാണ്. തനീഷ മുഖർജിയും ഒരു ഉദാഹരണം. കാജലിന്‍റെ സഹോദരി, തനൂജയുടെ മകൾ. കുടുംബവേരുകൾ ബോളിവുഡിൽ തനീഷക്കൊരു മേൽവിലാസമുണ്ടാക്കിയില്ല. ഇടക്കൊരു കാലത്ത് തനീഷയുടെ അടുത്ത സ്നേഹിതനായിരുന്ന ഉദയ് ചോപ്രക്ക് യാഷ് ചോപ്ര ഫിലിംസിന്‍റെ വലിയ കുടക്കീഴിലും സ്വന്തമായി ചുവടുവെക്കാനായില്ല.
ഖാൻ, കപൂർ, ചോപ്ര തുടങ്ങി സർനെയിമിന്‍റെ ബലം കുറേ പേർക്ക് ആദ്യാവസരം എളുപ്പത്തിലാക്കിയിട്ടുണ്ട്. ശരിയാണ്. പക്ഷേ ആ ബലം ആർക്കും ഗ്യാരണ്ടി നൽകിയില്ല. അതുണ്ടായവർ സ്വന്തം നിലക്ക് അധ്വാനിച്ചും അഭിനയിച്ചും
നേടിയെടുത്തതാണ്. പ്രതിഭയുള്ളവർ സ്വന്തം ഇടമുണ്ടാക്കി. അതിന്നവർക്ക് സർനെയിം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ളത് ബാധകമായിരുന്നില്ല. ഏറ്റവും നല്ല ഉദാഹരണം ഖാൻമാരിൽ തലയെടുപ്പുള്ള ബാദ്ഷാ തന്നെ. ഷാരൂഖ് ഖാൻ കിങ് ഖാൻ
ആയത് പാരമ്പര്യത്തണലിലല്ല. ആയുഷ് മാൻ ഖുരാനയും വിക്രാന്ത് മസ്സിയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായത് കുടുംബപ്പേരുകൊണ്ടല്ല. ഐശ്വര്യ റോയിക്കും ദീപിക പദുക്കോണിനും പ്രിയങ്ക ചോപ്രക്കും വഴിയൊരുക്കിയത്
സൗന്ദര്യമത്സരങ്ങളും ഫാഷൻ ഷോയുമാണ്. അഭിനയിക്കാൻ അറിയാവുന്നതു കൊണ്ടാണ് വിദ്യാബാലനേയും തപ്സി പന്നുവിനേയും കേന്ദ്രകഥാപാത്രങ്ങളായി സിനിമകളിറങ്ങിയത്.
ഭാഗ്യത്തിന് ചെറിയൊരു വേഷം എല്ലാക്കാലത്തും ഏത് തരം സിനിമയിലുമുണ്ട്. പക്ഷേ മത്സരത്തിൽ ജയം സമ്മാനിക്കുക ഭാഗ്യമോ കുടുംബത്തിന്‍റെ മേൽവിലാസമോ അല്ല. അധ്വാനമാണ്. അർപണബോധമാണ്. കഴിവാണ്. ജനിച്ചുവീഴുന്നത് എവിടെ എങ്ങനെ എന്നത് ഒരാളുടെ സ്വന്തം ചോയ്സ് അല്ല. അതുകൊണ്ട് തന്നെ ആ ചോയ്സിന്‍റെ സൗകര്യവും സൗകര്യമില്ലായ്മയും രണ്ടും അയാളുടെ ബാധ്യതയുമല്ല. തെരഞ്ഞെടുത്ത പാതയിലെ പ്രകടനം നോക്കിയാകട്ടെ മാർക്കിടൽ. വിധിയെഴുതൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ