
ചെന്നൈ: മെയ് 16 ന് ഡോൺ പിക്‌ചേഴ്‌സിന്‍റെ ഉടമയും നിർമ്മാതാവായ ആകാശ് ഭാസ്‌കരന്‍റെ വസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. തമിഴിലെ വരാനിരിക്കുന്ന വന്‍ പടങ്ങളുടെ നിര്‍മ്മാതാവാണ് ആകാശ് ഭാസ്‌കരന്‍.
ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഇഡ്‌ലി കടൈ, ശിവകാർത്തികേയൻ അഭിനയിക്കുന്ന പരാശക്തി, സിലംബരശൻ ടിആറിന്റെ 49-ാമത്തെ ചിത്രം എന്നീ മൂന്ന് പ്രധാന ചിത്രങ്ങൾ ആകാശ് നിലവിൽ നിർമ്മിക്കുന്നത്.
ആകാശ് ഭാസ്‌കരൻ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നാണ് തമിഴ് സിനിമ ലോകത്തേക്ക് എത്തിയത്. പിതാവിന് ഒരു ജ്വല്ലറി നടത്തുകയാണ്. കോളേജ് പൂർത്തിയാക്കിയ ശേഷം ആകാശ് ഭാസ്‌കരൻ ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവന്റെ അസിസ്റ്റന്റ് ഡയറക്ടറായി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ആകാശ് നിര്‍മ്മാതാവായി എത്തുന്നതാണ് കണ്ടത്.
പെട്ടെന്നാണ് ഈ പ്രൊഡക്ഷന്‍റെ കീഴില്‍ ഒന്നോന്നായി പടങ്ങള്‍ പ്രഖ്യാപിച്ചത്. ഇതാണ് ഇഡി റെയ്ഡിലേക്ക് നയിച്ചത് എന്നാണ് വിവരം.
2024-ൽ ആകാശ് ഭാസ്‌കരൻ കാവിങ്കരെ പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ ബിസിനസുകാരനായ സി.കെ. രംഗനാഥന്റെ മകൾ ധരണീശ്വരിയെ വിവാഹം കഴിച്ചു. ധരണീശ്വരിയുടെ അമ്മ തേൻമൊഴിയാണ്. അന്തരിച്ച ഡി.എം.കെ. നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ചെറുമകളാണ് തേൻമൊഴി.
ധരണീശ്വരിയുടെ സഹോദരൻ മനു രഞ്ജിത്ത്, നടൻ വിക്രമിന്റെ മകൾ അക്ഷിതയെയാണ് വിവാഹം കഴിച്ചത്. ധനുഷ്,ചിമ്പു, നയൻതാര, ശിവകാർത്തികേയൻ, അഥർവ മുരളി എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു ആകാശിന്‍റെ വിവാഹത്തില്‍.
വിവാഹത്തിന് മുന്നോടിയായി ആകാശ് ഭാസ്‌കരൻ തന്റെ നേതൃത്വത്തിലുള്ള ഡോൺ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിച്ചത്.
ആദ്യ പദ്ധതിയായി ധനുഷിന്‍റെ സംവിധാനത്തില്‍ വരുന്ന ഇഡ്‌ലി കടൈ പ്രഖ്യാപിച്ചു. ഈ ചിത്രം ഒക്ടോബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിത്യ മേനോൻ, സത്യരാജ്, പാർത്ഥിബൻ, ശാലിനി പാണ്ഡെ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ശിവകാർത്തികേയൻ്റെ പരാശക്തിയും അദ്ദേഹം നിർമ്മിക്കുന്നുണ്ട്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാർത്തികേയന് പുറമേ രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ അഭിനയിക്കുന്നു. 200 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്.
രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിലംബരശൻ ടിആറിന്‍റെ എസ്ടിആര്‍ 49ഉം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേര്‍സാണ്. സന്താനം, കയാടു ലോഹർ, വിടിവി ഗണേഷ് എന്നിവരും ഇതിൽ അഭിനയിക്കുന്നു.