നിഷികാന്ത് കാമത്തിനു പകരം ആര്? 'ദൃശ്യം 2' ഹിന്ദി റീമേക്ക് സംവിധായകനെ തീരുമാനിച്ചു

By Web TeamFirst Published Sep 24, 2021, 9:52 AM IST
Highlights

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്

ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ 'ദൃശ്യം' (Drishyam/ 2013). കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്ന ചിത്രത്തിന്‍റെ ഇന്‍ഡോനേഷ്യന്‍ റീമേക്ക് റൈറ്റ്സ് ഈയിടെയാണ് വിറ്റത്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മലയാളം സീക്വല്‍ 'ദൃശ്യം 2' (Drishyam 2)നും വലിയ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രം എത്തിയതിനു പിന്നാലെ മറ്റു ഭാഷാ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. ജീത്തു ജോസഫ് (Jeethu Joseph) തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് ദൃശ്യം 2ന്‍റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. കന്നഡ ദൃശ്യം 2ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇവയാണ് നിര്‍മ്മാണഘട്ടത്തിലുള്ള ദൃശ്യം 2 റീമേക്കുകള്‍. ഹിന്ദി റീമേക്ക് (Drishyam 2 Hindi) നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും പ്രധാന അപ്‍ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ചില വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്‍ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വെബ് സിരീസ് ആയ 'രുദ്ര'യും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും അജയ് ദൃശ്യം 2ല്‍ ജോയിന്‍ ചെയ്യുക. വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരൊക്കെ ദൃശ്യം 2ലും ഉണ്ടാവും. 

എന്നാല്‍ ഒരു പ്രധാന മാറ്റവും സീക്വലിന്‍റെ ഹിന്ദി റീമേക്കില്‍ ഉണ്ട്. സംവിധായകന്‍റെ കാര്യത്തിലാണ് അത്. ദൃശ്യം ഹിന്ദി റീമേക്ക് ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചു. സീക്വല്‍ റീമേക്ക് ചെയ്യാന്‍ പകരമെത്തുന്ന സംവിധായകന്‍ അഭിഷേക് പതക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം 2 തെലുങ്ക് റീമേക്കിലും ഡയറക്ടര്‍ മാറ്റമുണ്ടായിരുന്നു. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്കിലെ ദൃശ്യം. പക്ഷേ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!