'ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി? ഷാനുവിന്‍റെ ഡേറ്റ് ചോദിക്കുന്നു'

By Web TeamFirst Published Oct 14, 2020, 5:52 PM IST
Highlights

തിരികെ പോകും വഴി ഞാൻ പാച്ചിക്കയുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.. "എടാ നിന്നോട് വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി?"

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‍കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു, ജല്ലിക്കട്ട് എന്ന ചിത്രത്തിന്. പ്രശസ്തമായ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ നടത്തിയ ചിത്രം പിന്നീടാണ് റിലീസ് ചെയ്തത്. കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്ഐ മത്സരവിഭാഗത്തിലെ ജനപ്രിയചിത്രത്തിനുള്ള രജത ചകോരവും ചിത്രം നേടിയിരുന്നു. സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ നില്‍ക്കുന്ന സംവിധായകനെക്കുറിച്ച് തന്‍റെ അനുഭവം പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. ലിജോയുടെ ആദ്യചിത്രമായിരുന്ന 'നായകന്‍' സെന്‍സറിനെത്തിയപ്പോള്‍ ബോര്‍ഡിലുണ്ടായിരുന്ന അനുഭവം മുതല്‍ ആലപ്പി അഷറഫ് പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് ആലപ്പി അഷറഫ്

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകന്‍റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇനിയൊരു ഫ്ലാഷ് ബാക്ക്..

നിർമ്മാതാവ് ഹസീബിന്‍റെ വീടിന്‍റെ പാലുകാച്ച്. എറണാകുളത്തുനിന്ന് ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടായിരുന്നു. ഞാനും പ്രൊഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്‍റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു. "നീ തിരിച്ചു പോകുന്ന വഴി വീട്ടിലൊന്നു കയറണേ".
"ശരി ഞാൻ വരാം"
തിരികെ പോകും വഴി ഞാൻ പാച്ചിക്കയുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.. "എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല." 
ഒന്ന്നിർത്തി... എന്നിട്ട്, 
"ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി?
ഷാനു (ഫഹദ് )വിന്‍റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ട്".
ഞാൻ പറഞ്ഞു, "നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് .."
"നിനക്കെങ്ങിനെ അറിയാം...?"
ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകന്‍റെ കഴിവുകളും ഞാൻ വിവരിച്ചു.
"എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത് "
അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത്, സംവിധായകൻ കഴിവുള്ളവനാണെന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്. ചിത്രം ബംബർ ഹിറ്റ്.. ഞാനാ ചിത്രം രണ്ടു പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ... മനസുകൊണ്ട് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.    

click me!