
സമീപകാലത്ത് വലിയ ഹൈപ്പോടെയെത്തി പ്രേക്ഷക സ്വീകാര്യത നേടുന്നതില്‍ പരാജയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം. സമീപകാലത്ത് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ആറാട്ടിന്‍റെ കാര്യത്തില്‍ അതിന്‍റെ സൃഷ്ടാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്കും തെറ്റ് പറ്റിയെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ ആറാട്ടിനെ വിശദമായി വിലയിരുത്തുന്നുണ്ട്.
"ആറാട്ട് എന്‍റെ സോണിലുള്ള സിനിമ ആയിരുന്നേയില്ല. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയന്‍ വരികയായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതില്‍ വര്‍ക്ക് ചെയ്യരുതോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കില്‍ ഭയങ്കര രസകരമായിരിക്കുമെന്ന് തോന്നി. ഇത് വേറൊരു നടനോട് പോയി പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ സമ്മതിക്കില്ല. ചേട്ടാ ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി", ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
"പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ തെറ്റ് വരുത്തിയത്. രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. ലാല്‍ സാറിനോട് അല്ലാതെ പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ഐഡിയയില്‍ സംശയമാണ് ഉന്നയിച്ചത്. ലാല്‍ സാറിനെവച്ച് ഒരു ഹെവി സാധനം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചു പലരും. അപ്പോള്‍ നമുക്കും ആശയക്കുഴപ്പം വന്നു. ആ സ്പൂഫില്‍ പലതും വര്‍ക്ക് ആയുമില്ല. പ്രേക്ഷകര്‍ അത് വെറും റെഫറന്‍സുകള്‍ മാത്രമായാണ് കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ആ ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. മമ്മൂക്കയുടെ കിംഗ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. പക്ഷേ നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്‍റ് ആണെന്ന് പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി. എന്നിട്ടാണോ അയാള്‍ വന്ന് സ്പൂഫ് ചെയ്തത് എന്ന് അവര്‍ ചോദിച്ചു. ആ ഏജന്റ് സംഗതി കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് അയാള്‍ക്ക് എക്സ് എന്നൊക്കെ പേരിട്ടത്. പക്ഷേ അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്. പിന്നാലെയുണ്ടായ ട്രോളുകളെല്ലാം നീതികരിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി", ബി ഉണ്ണികൃഷ്ണന്‍റെ വാക്കുകള്‍.
ALSO READ : വില 70 കോടി, മുംബൈയില്‍ 9000 സ്ക്വയര്‍ ഫീറ്റിന്‍റെ ആഡംബര ഫ്ലാറ്റ് വാങ്ങി സൂര്യ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ