'നിരീശ്വരവാദി, അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്‍തീയ രീതിയില്‍'; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്

Published : Apr 02, 2026, 06:06 PM IST
why an atheist performed his mothers last rites following Christian traditions prakash reacts to cyber attack

Synopsis

സൈബര്‍ ആക്രമണത്തിന് മറുപടിയുമായി പ്രകാശ് രാജ് രംഗത്ത്

രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയുള്ള ചലച്ചിത്ര താരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ആളാണ് പ്രകാശ് രാജ്. തീവ്ര വലതുപക്ഷത്തോട് അയവില്ലാത്ത നിലപാട് എപ്പോഴും സ്വീകരിക്കാറുള്ള പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനുമാണ്. അതിനാല്‍ത്തന്നെ രാഷ്ട്രീയ എതിരാളികള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്താറുമുണ്ട്. അത്തരത്തിലുണ്ടാവുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ അദ്ദേഹം പലപ്പോഴും അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്താറുമുണ്ട്. ഏറ്റവുമൊടുവില്‍ പ്രകാശ് രാജിനെതിരെ നടന്ന സൈബര്‍ ആക്രമണം അദ്ദേഹത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആണ്. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

നിരീശ്വരവാദിയെന്ന് എപ്പോഴും സ്വയം പരിചയപ്പെടുത്താറുള്ള ആളാണ് പ്രകാശ് രാജ്. എന്നാല്‍ അമ്മ സുവര്‍ണ്ണലതയുടെ മരണാനന്തര ചടങ്ങുകള്‍ ക്രിസ്തീയ വിശ്വാസ പ്രകാരം നടത്തി എന്നതാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്. പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന തരത്തില്‍ പരിഹസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് പ്രകാശ് രാജ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശരിയാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷേ എന്‍റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. അവര്‍ക്ക് അത് നിഷേധിക്കാന്‍ ഞാന്‍ ആരാണ്? അവരുടെ വിശ്വാസം അനുസരിച്ചുള്ള അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള അവകാശം. നമ്മള്‍ അന്യോന്യം കൊടുക്കുന്ന ബഹുമാനം അതാണ്. വെറുപ്പ് വില്‍ക്കുന്ന നിങ്ങള്‍ ചെകുത്താന്മാര്‍ക്ക് അത് മനസിലാവുമോ, പ്രകാശ് രാജ് എക്സില്‍ കുറിച്ചു.

മുന്‍പ് ഒരു വേദിയില്‍ താനൊരു ദൈവവിശ്വാസിയല്ലെന്ന് പറയുന്ന വീഡിയോ ചേര്‍ത്തുള്ള വിമര്‍ശന പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് പ്രതികരണം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് 29 ന് ആയിരുന്നു പ്രകാശ് രാജിന്‍റെ അമ്മ സുവര്‍ണ്ണലതയുടെ വിയോഗം. 86 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വിയോഗം. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് വന്ന സുവര്‍ണ്ണലത പ്രകാശ് രാജിന്‍റെ ജീവിതത്തിലും വലിയ സ്വാധീനമായിരുന്നു.

പ്രകാശ് രാജ് അമ്മയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്

അവർ എന്റെ രാജ്ഞിയാണ്, ഞാൻ എവിടെ പോയാലും എൻ്റെ കൂടെ തന്നെ എപ്പോഴും ഉണ്ടാകും. 12 വയസുള്ളപ്പോഴായിരുന്നു അമ്മാമ്മ മരിക്കുന്നത്. അപ്പൂപ്പന് നോക്കാൻ കഴിയാതെ വന്നപ്പോൾ അമ്മയെ ഒരു അനാഥാലയത്തിൽ കൊണ്ടാക്കി. അവിടെ വളർന്ന ഒരു നിഷ്കളങ്ക ആത്മാവാണ് എന്റെ അമ്മ. പ്രതിസന്ധികളെ തരണം ചെയ്ത് അമ്മ ഒരു നഴ്സായി. അമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ അസുഖ ബാധിതനായിട്ട് എത്തിയതായിരുന്നു എന്റെ അച്ഛൻ. ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് എത്തിച്ചു. പിന്നീട് മതത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്നൊരു വിവാഹം. പക്ഷേ അച്ഛൻ ജോലിക്ക് പോകാൻ ആ​ഗ്രഹിച്ചില്ല. മ​ദ്യത്തിന് അടിമയായി. വീട്ടിൽ നിന്നും പണം കരസ്ഥമാക്കി മാസങ്ങളോളം എവിടെയെങ്കിലും പോകും. അത് തുടർക്കഥയായി. ഈ വെല്ലുവിളികൾക്കിടയിലും അമ്മ പതറിയില്ല. ഞങ്ങൾ നാല് മക്കളെയും വളർത്തി. കുടുംബത്തെ പോറ്റാൻ അക്ഷീണം പ്രയത്നിച്ചു. തന്നെ കൊണ്ട് താങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഫ്ലക്സും പോസ്റ്ററും കീറുന്നു, തടയാൻ ശ്രമിച്ച ബിജെപിക്കാരനെ ഹെൽമെറ്റിന് തലയ്ക്ക് അടിച്ചു': അഖില്‍ മാരാര്‍
ഡർബി വിജയകരമായ രണ്ടാം വാരത്തിലേക്ക്, ഇത് യുവ പ്രതിഭകളുടെ വൻ വിജയം