'മാസ്റ്ററിനു വേണ്ടി മാത്രം തീയേറ്റര്‍ തുറക്കാനാവുമോ'? തീരുമാനം വിശദീകരിച്ച് ആന്‍റണി പെരുമ്പാവൂര്‍

Published : Jan 09, 2021, 07:09 PM ISTUpdated : Jan 09, 2021, 07:12 PM IST
'മാസ്റ്ററിനു വേണ്ടി മാത്രം തീയേറ്റര്‍ തുറക്കാനാവുമോ'? തീരുമാനം വിശദീകരിച്ച് ആന്‍റണി പെരുമ്പാവൂര്‍

Synopsis

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരള റിലീസും നടക്കില്ല.  

സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തീയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫിയോക് പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍. കേരളത്തിലെ തീയേറ്റര്‍ വ്യവസായത്തിന്‍റെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി പെരുമ്പാവൂര്‍. 'മാസ്റ്റര്‍' റിലീസ് മുന്നില്‍ കണ്ടുമാത്രം തീയേറ്റര്‍ ധൃതിയില്‍ തുറക്കേണ്ടതില്ലെന്ന സംഘടനയുടെ തീരുമാനം എന്തുകൊണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ആന്‍റണി വിശദീകരിച്ചു.

ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്

"സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ എല്ലാ തീയേറ്റര്‍ ഉടമകളുടെയും ആഗ്രഹം. പക്ഷേ വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. തീയേറ്റര്‍ തുറക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഞങ്ങളോട് എന്തെങ്കിലും സ്നേഹം കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച ഇളവുകളൊന്നും കിട്ടിയില്ല. ഫിലിം ചേംബര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ ലഭിക്കുമോ എന്നാണ് വീണ്ടും നോക്കുന്നത്. പ്രതീക്ഷയോടെ അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ ആവില്ലല്ലോ. ഒരിക്കല്‍ തുറന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ വന്ന് ഈ വ്യവസായം ചലിച്ചുകൊണ്ടേയിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് വാശി പിടിക്കില്ല. അതേസമയം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ."

 

വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരള റിലീസും നടക്കില്ല.  മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുകയാണ് സിനിമാ സംഘടനകള്‍. അതേസമയം വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍