
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, കല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിമ കല്ലിങ്കൽ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത് അനാവശ്യ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. തുടർന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു റിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
'ലോകയുടെ വിജയത്തിൽ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, ഇത്തരം സിനിമകൾ ഉണ്ടാവാനുള്ള സ്റ്റേജ് നമ്മളും പ്രേക്ഷകരും ചേർന്ന് ഉണ്ടാക്കി എടുത്തു.' എന്നുമായിരുന്നു റിമ അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ റിമയ്ക്കും വിജയ് ബാബുവിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.
സിനിമ എഴുതി സംവിധാനം ചെയ്ത സംവിധായകനെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്നാണ് രൂപേഷ് പീതാംബരൻ ചോദിക്കുന്നത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം.
"പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റെ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ? ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്" രൂപേഷ് കുറിച്ചു.
അതേസമയം മലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമെന്ന ഖ്യാതിയോടെയാണ് ലോക എത്തിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ചാപ്റ്റർ 1 ചന്ദ്ര. ടൊവിനോ തോമസ് ചാത്തനായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്ന സിനിമയുടെ ഒടിടി സ്ട്രീമിങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ