ബോക്സ് ഓഫീസില്‍ ആമിര്‍ ഖാന്‍റെ വലിയ വീഴ്ച; ലാല്‍ സിംഗ് ഛദ്ദയുടെ പരാജയകാരണം എന്ത്?

Published : Aug 26, 2022, 09:39 AM IST
ബോക്സ് ഓഫീസില്‍ ആമിര്‍ ഖാന്‍റെ വലിയ വീഴ്ച; ലാല്‍ സിംഗ് ഛദ്ദയുടെ പരാജയകാരണം എന്ത്?

Synopsis

കെജിഎഫ് 2 ഹിന്ദിയിൽ മൊഴിമാറ്റിയെത്തി റിലീസ് ചെയ്ത ആദ്യദിനം നേടിയത് 54 കോടിയാണെന്ന കണക്ക് ചേർത്തുവെക്കുമ്പോഴാണ് ഛദ്ദ എത്ര വീണുപോയെന്ന് മനസ്സിലാവുക

ഏതാണ്ട് നാല് വർഷത്തിന് ശേഷമാണ് ഒരു ആമിര്‍ ഖാൻ സിനിമ തീയേറ്ററുകളിലെത്തുന്നത്. കാത്തിരിപ്പിന്റെ ബലം ബജറ്റിനുമുള്ള സിനിമയായിരുന്നു ലാൽ സിങ് ഛദ്ദ. 180 കോടി രൂപയായിരുന്നു ബജറ്റ്. ഏറെ പ്രസിദ്ധമായ, വാണിജ്യവിജയവും നിരൂപകപ്രശംസയും ആവോളം നേടിയ ഫോറസ്റ്റ് ഗംപിന്റെ ഔദ്യോഗിക റീമേക്ക്. പ്രതീക്ഷകളുമായെത്തിയ സിനിമ പക്ഷേ നാട്ടിൽ പൊളിഞ്ഞു. 2018ൽ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ പരാജയപ്പെട്ടിരുന്നു. പക്ഷേ അതിലും വലിയ പൊളിയലാണ് ഛദ്ദയുടേത് എന്നാണ് സിനിമയിലെ കണക്കുവിദഗ്ധർ പറയുന്നത്. 

2000ൽ പുറത്തിറങ്ങിയ മേളയെ പോലെ ഛദ്ദ അടപടലം വീണുപോയെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് ഇതുപോലെ രണ്ട് അമീർഖാൻ സിനിമകൾ വീണുപോയത് മേളയുടെ സമയത്താണ്. മേളയും 1947 എർത്തും. ബോളിവുഡിനാകെ ഊർജം പകരുമെന്ന് അണിയറക്കാരും സിനിമാപ്രവർത്തകർ പൊതുവെയും കരുതിയിരുന്ന സിനിമയാണ് കണക്കുകളുടെ കൂട്ടലും കിഴിക്കലും കഴിയുമ്പോൾ പരാജയപ്പെട്ടു പോയത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോൾ രാജ്യത്തെ എല്ലാ തീയേറ്ററുകളിൽ നിന്നുമായി ഛദ്ദക്ക് കിട്ടിയത് 49 കോടിയാണ്. KGF ഹിന്ദിയിൽ മൊഴിമാറ്റിയെത്തി റിലീസ് ചെയ്ത ആദ്യദിനം നേടിയത് 54 കോടിയാണെന്ന കണക്ക് ചേർത്തുവെക്കുമ്പോഴാണ് ഛദ്ദ എത്ര വീണുപോയെന്ന് മനസ്സിലാവുക. 

 

ഗംഗുഭായ് കത്തിയവാഡി, ഭൂൽ ഭുലയ്യ, ദ കശ്മീർ ഫയൽസ് തുടങ്ങി കൈവിരലിൽ എണ്ണാവുന്ന ഹിന്ദി സിനിമകൾ മാത്രമാണ് ഇക്കൊല്ലം ഇതുവരെ വിജയിച്ചത്. അക്ഷയ് കുമാറിന്റെ സമ്രാട്ട് പൃഥ്വിരാജ്, രൺവീർ സിങ്ങിന്റെ ജയേഷ്ഭായ് ജോർദാർ, കങ്കണയുടെ ധക്കട് എല്ലാം പൊളിഞ്ഞു പോയി. ആർആ‌ർആറിന് പിന്നാലെ കെജിഎഫും അതിനു പിന്നാലെ കാർത്തികേയ 2ഉം. മൊഴിമാറ്റിയെത്തുന്ന സിനിമകൾ വിപണി പിടിക്കുന്നത് കണ്ട് അന്തംവിട്ടിരിക്കുകയായിരുന്നു ബോളിവുഡ്. ഈ തരംഗത്തിനിടെ മേഖല പ്രതീക്ഷയോടെ  കാത്തിരുന്ന ജീവശ്വാസമായിരുന്നു ഛദ്ദ. സിനിമയുടെ പരാജയം മുറിവേൽപ്പിക്കുന്നത് ഛദ്ദയുടെ അണിയറക്കാർക്ക് മാത്രമല്ലെന്നർത്ഥം. 
വർഷങ്ങൾക്ക് മുമ്പൊരു ടെലിവിഷൻ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ കുത്തിപ്പൊക്കിയുള്ള വിദ്വേഷപ്രചാരണവും ബഹിഷ്കരണാഹ്വാനവുമാണ് ഈ തോൽവിക്ക് പ്രധാന കാരണം. അതുമാത്രമല്ല താനും. 

ഏകകാരണം ബഹിഷ്കരണമല്ല എന്ന വാദത്തിന് അടിസ്ഥാനമാക്കാൻ കഴിയുന്നത് ഒരു പഴയ ഉദാഹരണമാണ്. സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത്. ബഹിഷ്കരണത്തിന് പുറമെ അക്രമാസക്തമായ പ്രതിഷേധങ്ങളും കൂടി കണ്ട സിനിമയായിരുന്നു അത്. പക്ഷേ എന്നിട്ടും ആദ്യ ആഴ്ച തന്നെ നൂറുകോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു.അപ്പോൾ പിന്നെ ഛദ്ദക്ക് എന്താകും പറ്റിയത്? പ്രേക്ഷകരുടെ അഭിരുചിയിലും മുൻഗണനകളിലും വന്ന മാറ്റം ഒരു പ്രധാന ഘടകമാണ്. നേരത്തെ അറിയാവുന്നതാണ് എന്താണ് ഛദ്ദയെന്ന്. വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ വന്ന സിനിമ. വിയറ്റ്നാം യുദ്ധമുൾപെടെ ഗംപ് അനുവഭവിച്ച, നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും തിരിച്ചറിവുകളുമൊക്കെ ഇന്ത്യൻ കഥാപരിസരത്തേക്ക് മാറ്റുന്നു എന്നു പറയുമ്പോഴും അത് പിന്നാമ്പുറക്കാഴ്ചകളിലെ വ്യത്യസ്തത മാത്രമേ, സാധാരണ പ്രേക്ഷകന് സമ്മാനിക്കുന്നുള്ളൂ.1994ൽ പുറത്തിറങ്ങിയതാണ് ഫോറസ്റ്റ് ഗംപ് എന്നോർക്കണം. 

 

28വ‌ർഷത്തിനിപ്പുറമുള്ള ഒരു പുനർവായന. അന്ന് ഗംപ് കണ്ടവർക്കും ഇഷ്ടപ്പെട്ടവർക്കും ഇത്രയും കാലത്തിനിപ്പുറം അതിലൊരു കൗതുകമുണ്ടാവുമോ? അന്ന് കാണാത്തവരും പിന്നീടെപ്പോഴെങ്കിലും കണ്ടവരും രണ്ടുകൂട്ടർക്കും കൗതുകം ബാക്കിയാകുമോ? പുത്തൻ തലമുറക്ക് പുതിയതല്ലാത്തതിനോട് കൗതുകമുണ്ടാവുമോ? ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാണ്. ഛദ്ദയെ സംബന്ധിച്ചിടത്തോളം  തീയേറ്റർ അനുഭവത്തിന്റെ കാഴ്ചാസുഖം ഒഴിച്ചുകൂടാനാവാത്ത ഘടകമല്ല. വീടിനുള്ളിൽ സിനിമയുടെ വിവിധ ലോകങ്ങൾ വിവിധ രൂപത്തിൽ അനുദിനം എത്തുമ്പോൾ ആ സ്വസ്ഥതക്ക് അപ്പുറമുള്ള കാഴ്ചാനുഭവമാണ് ഇന്ന് ശരാശരി പ്രേക്ഷകൻ ആഗ്രഹിക്കുന്നത്. യമണ്ടൻ ദൃശ്യാനുഭവം അതല്ലെങ്കിൽ അതിഗംഭീര പ്രൊഡക്ഷൻ, അതുമല്ലെങ്കിൽ ത്രില്ലിങ് അനുഭവം. ഇതൊന്നുമില്ലെങ്കിൽ വെറും ആഴ്ചകൾക്കപ്പുറം ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ എത്തുന്നതിനായി കാത്തിരിക്കുക എന്നതാണ് പുതിയ ശീലം. ബഹിഷ്കരണത്തിനും ഈ തെരഞ്ഞെടുപ്പിനും അപ്പുറം കാഴ്ചക്കാരെ ആകർഷിക്കാൻ പോന്നത്ര പോസിറ്റീവ് ആയിരുന്നില്ല സിനിമക്ക് കിട്ടിയ നിരൂപണങ്ങളും. ഈ ഘടകങ്ങളൊന്നും പോരാഞ്ഞാണ് ബഹിഷ്കരണത്തിന്റെ തിരിച്ചടിയും.
 
അനുബന്ധകഥ

നാട്ടിൽ മാത്രമാണ് ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടത്. അന്താരാഷ്ട്രമാർക്കറ്റിൽ സിനിമ വിജയമാണ്. റിലീസ് ചെയ്ത് ഒരാഴ്ചക്കകം ഇക്കൊല്ലത്തെ മറ്റ് ഹിറ്റ് സിനിമകളേക്കാൾ കൂടുതൽ പണം വാരിയത് ഛദ്ദയാണ്. വിപണി കണക്കനുസരിച്ച് ലാൽ സിങ് ഛദ്ദ 59 കോടിയാണ് നേടിയത്. 58.3 കോടി നേടിയ  ഗംഗുബായ് കത്തിയവാഡിയായിരുന്നു ഇതുവരെ കണക്കിൽ മുന്നിൽ. ഭൂൽ ഭുലയ്യ 2, ദ കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾ ആണ് മൂന്നും നാലും സ്ഥാനത്ത്. ( തെലുങ്ക് മെഗാ ഹിറ്റ് RRR നേടിയ പണത്തിന്റെ കണക്ക് ഇതിന്റെ അടുത്തൊന്നും എത്തുന്നതല്ല. 200 ലക്ഷം ഡോളറാണ് അന്താരാഷ്ട്രവിപണിയിൽ നിന്ന് രാജമൗലിയുടെ ഹിറ്റ് വാരിക്കൂട്ടിയത്). ലാൽസിങ് ഛദ്ദ ചൈനയിൽ റിലീസ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൊവി‍ഡിന് ശേഷം മറ്റ് നാടുകളിൽ നിന്നുള്ള സിനിമകളെത്തിക്കാനും കാണിക്കാനും ഒന്നും ചൈനക്ക് വലിയ താത്പര്യമില്ലാത്തതാണ് അനിശ്ചിതാവസ്ഥക്ക് കാരണം. അമീറിന്റെ ദംഗലും സീക്രട്ട് സൂപ്പർസ്റ്റാറും അന്നാട്ടിൽ അന്ന് ഹിറ്റായിരുന്നു. ഛദ്ദ റിലീസ് ചെയ്യാൻ പറ്റിയാൽ, അമീറിനോടുള്ള താത്പര്യം ആളെക്കൂട്ടിയാൽ അവിടെ നി്ന്നും പണം വാരാനായാൽ ഛദ്ദയുടെ നിർമാതാക്കൾക്ക് വലിയ തട്ടുകേടില്ലാതിരിക്കും. 

ALSO READ : ജ​ഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി: വീഡിയോ

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ