'ബട്ട് വൈ! ഇതില്‍ ഏതാണ് മികച്ച പ്രകടനം'? തമിഴ്നാട് സംസ്ഥാന അവാര്‍ഡില്‍ മമ്മൂട്ടിയെ തഴഞ്ഞതില്‍ പ്രതിഷേധം

Published : Jan 30, 2026, 03:27 PM IST
why mammootty and peranbu ignored in tamil nadu state awards audience asked

Synopsis

2016 മുതൽ 2022 വരെയുള്ള തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിരവധി മലയാളികൾ നേട്ടം കൊയ്തു. എന്നാൽ, നിരൂപക പ്രശംസ നേടിയ മമ്മൂട്ടിയുടെ 'പേരൻപ്' എന്ന ചിത്രത്തെ പൂർണ്ണമായി അവഗണിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്

തമിഴ് സിനിമയിലെ മികവിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷങ്ങളിലെ പ്രത്യേകം പുരസ്കാരങ്ങള്‍ ഒരുമിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങളില്‍ മലയാളികളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. മികച്ച നടിക്കുള്ള ഏഴ് പുരസ്കാരങ്ങളില്‍ അഞ്ചും സ്വന്തമാക്കിയത് മലയാളി താരങ്ങളാണ്. മറ്റ് മൂന്ന് പുരസ്കാരങ്ങളും മലയാളികള്‍ നേടി. എന്നാല്‍ വലിയ സാധ്യതയുണ്ടായിരുന്ന ഒരു ചിത്രത്തെയും പ്രകടനത്തെയും അമ്പേ ഒഴിവാക്കിയ അവാര്‍ഡ് നിര്‍ണയ ജൂറിക്കെതിരായ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, റാമിന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തെത്തിയ പേരന്‍പ് എന്ന ചിത്രമാണ് അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ചകളില്‍ നിറയുന്നത്.

പേരന്‍പും 'അമുദവനും'

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛന്‍ കഥാപാത്രത്തെയാണ് പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. അമുദവന്‍ എന്നാണ് കഥാപാത്രത്തിന്‍റ പേര്. പാപ്പ എന്ന് വിളിക്കുന്ന മകളെ അവതരിപ്പിച്ചത് സാധന ആയിരുന്നു. ലോകപ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. ചലച്ചിത്ര മേളകളിലും പിന്നീട് തിയറ്റര്‍ റിലീസിലും ചിത്രവും ഇവര്‍ ഇരുവരുടെയും പ്രകടനവും പ്രേക്ഷകരുടെ വലിയ കൈയടി നേടിയിരുന്നു. മികച്ച പ്രകടനങ്ങള്‍ക്ക് കൂടാതെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനും പരിഗണിക്കാമായിരുന്ന ചിത്രത്തിന് ഒരു പുരസ്കാരം പോലും ഇല്ലാത്തതാണ് സിനിമാപ്രേമികളില്‍ ഒരു വിഭാഗത്തെ നിരാശപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെയും മമ്മൂട്ടിയുടെ പ്രകടനത്തിന്‍റെയും മെറിറ്റിനെക്കുറിച്ച് സംസാരിക്കുന്നതില്‍ മലയാളികളേക്കാള്‍ കൂടുതല്‍ തമിഴരാണ്.

 

 

 

പേരന്‍പും മമ്മൂട്ടിയും കൂടുതല്‍ അര്‍ഹിച്ചിരുന്നു. സംസ്ഥാനം അവഗണിച്ചപ്പോള്‍ കേന്ദ്രം ബഹുമാനിച്ചു എന്നാണ് ഒരു പോസ്റ്റ്. മമ്മൂട്ടിയുടെ പത്മഭൂഷണ്‍ പുരസ്കാര നേട്ടം സൂചിപ്പിച്ചുള്ള പോസ്റ്റ് ആണ് ഇത്. 2018 ലെ മികച്ച നടനുള്ള പുരസ്കാരം ധനുഷിനും നടിക്കുള്ളത് ജ്യോതികയ്ക്കുമായിരുന്നു. മികച്ച ചിത്രമായത് പരിയേറും പെരുമാളും ഇതേ ചിത്രത്തിന്‍റെ സംവിധാനത്തിന് മാരി സെല്‍വരാജ് മികച്ച സംവിധായകനുമായി. ധനുഷിനേക്കാള്‍ മമ്മൂട്ടിയാണ് അര്‍ഹിച്ചിരുന്നതെന്നും ജ്യോതികയേക്കാള്‍ സാധനയാണ് പുരസ്കാരം അര്‍ഹിച്ചിരുന്നതെന്നും തമിഴ്നാട്ടുകാരായ സിനിമാപ്രേമികള്‍ കുറിക്കുന്നുണ്ട്. ധനുഷിന് പുരസ്കാരം കൊടുത്താല്‍ ധനുഷ് ആരാധകരുടെ പിന്തുണ കിട്ടും എന്നുള്ളതുകൊണ്ടാവും സ്റ്റാലിന്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്തത് എന്നാണ് ഒരു കമന്‍റ്. തമിഴ്നാട്ടുകാരായവര്‍ക്ക് മുന്‍ഗണന ആയതിനാലാണ് മമ്മൂട്ടിയെ മറികടന്ന് ധനുഷ് പുരസ്കാരം നേടിയത് എന്നാണ് ഒരു കമന്‍റ്. എന്നാല്‍ മികച്ച നടിക്കുള്ള പുരസ്കാരം മലയാളികളായ അഞ്ച് നടിമാര്‍ക്ക് ലഭിച്ചതിനെക്കുറിച്ചും പ്രതികരണങ്ങള്‍ ഉണ്ട്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് മികച്ച നടിക്കുള്ള തമിഴ്നാട് പുരസ്കാരം നേടിയത്. വൈക്കം വിജയലക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരമുണ്ട്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‍കാരത്തിന് ഉര്‍വശിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗായിക വര്‍ഷ രഞ്ജിത്ത് ആണ് പുരസ്കാരം നേടിയ മറ്റൊരു മലയാളി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിരിയല്ല പൊട്ടിച്ചിരി, അതാണ് 'പ്രകമ്പനം'; ഷോ സ്റ്റീലറായി സാഗര്‍ സൂര്യ, ഗംഭീരമാക്കി ഗണപതിയും അമീനും
എന്താണീ 'കുട്ടൂഷ'യും 'മണ്ണാച്ചനും'?; രസകരമായ കോഴിക്കോടൻ ഭാഷയുമായി നൂറയും ആദിലയും