'പേട്രിയറ്റി'ല്‍ എന്തുകൊണ്ട് മോഹന്‍ലാല്‍? ആദ്യം സജസ്റ്റ് ചെയ്തത് ആര്? വെളിപ്പെടുത്തി മമ്മൂട്ടി

Published : Apr 23, 2026, 05:20 PM IST
why mohanlal in patriot movie here is mammoottys answer in legends hangout chat show on jio hotstar

Synopsis

18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി മമ്മൂട്ടി

മലയാളി സിനിമാപ്രേമികള്‍ മാത്രമല്ല, മറ്റ് ഇന്‍ഡസ്ട്രികളില്‍ ഉള്ളവരും ഇതിനകം ശ്രദ്ധിച്ചിട്ടുള്ള പ്രോജക്റ്റ് ആണ് പേട്രിയറ്റ്. 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രത്തിലെ കേണല്‍ റഹിം നായിക് എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്‍റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചാറ്റ് ഷോയിലാണ് ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തിയതിന് പിന്നിലുള്ള കാര്യത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നത്. പേട്രിയറ്റ്: ലെജന്‍ഡ്‍സ് ഹാങ്ഔട്ട് എന്നാണ് ഷോയുടെ പേര്.

ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ റീച്ച് മുന്നില്‍ക്കണ്ട് പുറത്തുനിന്നുള്ള ഒരു താരത്തെ കാസ്റ്റ് ചെയ്യാം എന്നാണ് മഹേഷ് നാരായണന്‍ ആദ്യം അഭിപ്രായപ്പെട്ടതെന്നും എന്നാല്‍ ആ റോളിലേക്ക് മോഹന്‍ലാലിന്‍റെ പേര് സജസ്റ്റ് ചെയ്തത് താനായിരുന്നെന്നും മമ്മൂട്ടി പറയുന്നു- “അതിന്‍റെ ഒറിജിനല്‍ സ്റ്റോറി, നമ്മള്‍ ആദ്യം ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്ക് ഒരു നാഷണല്‍ സിനിമയൊക്കെ ആക്കണ്ടേ, വലിയ സിനിമയല്ലേ എന്ന്. നമുക്ക് അവിടെനിന്ന് (മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന്) ആരെയെങ്കിലുമൊക്കെ പൊക്കണോ എന്നൊക്കെ പുള്ളിയുടെ (മഹേഷ്) അഭിപ്രായവും പറഞ്ഞു. അവിടുത്തെ ക്യാരക്റ്റര്‍ ആക്ടേഴ്സില്‍ ചിലരുടെയൊക്കെ പേര് അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞു, നമ്മള്‍ ദൂരെ പോകണ്ട. ഇവിടെ ഒരാള്‍ ഉണ്ടല്ലോ. അദ്ദേഹത്തിനോട് സംസാരിച്ചുനോക്കാം. അങ്ങനെ പുള്ളിയുടെ (മോഹന്‍ലാല്‍) അടുത്ത് മഹേഷ് ആണ് പോയി പറഞ്ഞത്”, മോഹന്‍ലാലിന്‍റെ പേര് കാസ്റ്റിംഗിലേക്ക് എത്തിയതിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു.

“ഈ ക്യാരക്റ്റര്‍ വളരെ പ്രധാനപ്പെട്ടതാണ്. പടത്തിന്‍റെ ഒരു ഘട്ടത്തില്‍ പടം മുന്നോട്ട് പോകണമെങ്കില്‍ ഈ ക്യാരക്റ്റര്‍ വേണം. അപ്പോള്‍ അത് സംസാരിച്ചു. സംസാരിച്ചപ്പോള്‍ പുള്ളി പറഞ്ഞു ഓകെ ഫൈന്‍ കൂടെ കൂടാം. ഞാന്‍ വിചാരിച്ചില്ല”, മമ്മൂട്ടി പറയുന്നു. അതേസമയം ഇത്തരത്തില്‍ ഒരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതിന്‍റെ സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്- “ഇങ്ങനത്തെ ഒരു ഫിലിമില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ ഒരു ത്രില്ലും ഒരു ഭാ​ഗ്യവും കൂടിയാണല്ലോ. അങ്ങനെ ഒരു കഥാപാത്രം കിട്ടുക. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് ഒരുപാട് നാളായി. എല്ലാവരുമായിട്ടും ഇത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ലല്ലോ. എന്‍റെ ക്യാരക്റ്ററിന് വളരെ ബ്രില്യന്‍റ് ആയിട്ടുള്ള പൊസിഷനിം​ഗും അതിന്‍റെ തുടക്കവും ഒടുക്കവും ഒക്കെ വളരെ നന്നായിട്ടാണ് വന്നിരിക്കുന്നത്. ഞാന്‍ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു ക്യാരക്റ്റര്‍ ചെയ്യുന്നത്. ഒരു താരത്തെയല്ല അതില്‍ ഉപയോ​ഗിച്ചിരിക്കുന്നത്. ഒരു ക്യാരക്റ്റര്‍ എന്ന രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരാളെയാണ്. അത് നോ എന്ന് പറയാന്‍ പറ്റാത്ത ഒരു ക്യാരക്റ്റര്‍ ആണ്”, മോഹന്‍ലാല്‍ പറയുന്നു. സിനിമ കാണുമ്പോള്‍ ആ കഥാപാത്രത്തെയേ ഓര്‍മ്മ വരൂ, അല്ലാതെ മോഹന്‍ലാലിനെപ്പോലും ഓര്‍ക്കില്ലെന്ന് മമ്മൂട്ടിയും പൂരിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്തത് ആവുന്ന ട്രെൻഡ് എന്താണെന്ന് എനിക്ക് അറിയില്ല": അഭിലാഷ് പിള്ള
'മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുത്'; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള