
താൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന നാൻസി റാണി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിക്കാതിരുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താൻ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന്റെ ഭാഗമായി വരാതിരിക്കണമെങ്കിൽ അത്രമാത്രം മാനസികമായി പീഡനം നേരിട്ടതുകൊണ്ടാണെന്ന് അഹാന പറഞ്ഞത്. നാൻസി റാണിയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് മരണപ്പെട്ടതോടെ ഭാര്യ നൈനയാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ സിനിമ റിലീസിന് എത്തിക്കാനുമൊക്കെ മുന്നിൽ നിൽക്കുന്നത്. പ്രൊമോഷൻ പരിപാടിയുടെ ആദ്യഘട്ടമെന്നോണം താരങ്ങൾ അണിനിരന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നതോടെയാണ് വിവാദങ്ങൾ ഉരുത്തിരിഞ്ഞത്. അഹാന സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയെന്നോണം നൈന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.
"പ്രശസ്തി എന്നത് ശക്തമായ ഒന്നാണ്, പക്ഷെ എനിക്ക് അതില്ല. എനിക്ക് നേരെ ഉയരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം സിനിമ നൽകുമെന്നാണ് വിശ്വസിക്കുന്നത്. അതുവരെ എല്ലാം അഭിപ്രായങ്ങൾ മാത്രമാണ്. സമയം ഇതിനുള്ള വ്യക്തത കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. നാൻസി റാണി എന്നത് ഒരു കൂട്ടായ പ്രയത്നമാണ്. പലരുടെയും പ്രാർത്ഥനയിലും കഠിനാധ്വാനത്തിൽ നിർമ്മിച്ചതാണ്. അതിന്റെ ഭാഗമായി നിന്ന എല്ലാവരോടും നന്ദി മാത്രം", നൈനയുടെ വാക്കുകൾ.
നാൻസി റാണിയുടെ സംവിധായകൻ മനു ജെയിംസും അദ്ദേഹത്തിന്റെ ഭാര്യ നൈന മനു ജെയിംസിനുമെതിരെ കടുത്ത ആരോപണങ്ങളുമായാണ് അഹാന കൃഷ്ണ രംഗത്തെത്തിയത്. സംവിധായകൻ നാൻസി റാണിയുടെ സെറ്റിൽ ഒട്ടും പ്രഫഷണലായല്ല പെരുമാറിയതെന്നും, സെറ്റിൽ മദ്യപിക്കാറുണ്ടെന്നും ഇതുകൂടാതെ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ തന്നെ മോശമായി ചിത്രീകരിച്ചുവെന്നും അഹാന പോസ്റ്റിൽ പറയുന്നു. തന്റെ അമ്മയെ വിളിച്ചു താൻ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞുവെന്നും അഹാന പോസ്റ്റിൽ പറഞ്ഞു. ഇതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
ALSO READ : 'ആളുകളോട് മിണ്ടാൻ തന്നെ പേടിയായിത്തുടങ്ങി': കാരണം പറഞ്ഞ് മഞ്ജു പിള്ള