
സമീപകാലത്ത് ഒരു മലയാളസിനിമ നേടുന്ന വലിയ ഇനിഷ്യല്‍ പ്രതികരണവും കളക്ഷനും നേടി തീയേറ്ററുകളില്‍ തുടരുകയാണ് 'ലൂസിഫര്‍'. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയും. തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രേക്ഷകരുടെ അംഗീകാരം നേരത്തേ ലഭിച്ചിട്ടുണ്ടെങ്കിലും മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് ലൂസിഫറാണ്. ഈ സംവിധായക-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമോ? ലൂസിഫര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാവി പ്രോജക്ടിനെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'ലൂസിഫര്‍' ആരാധകര്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രേമികളില്‍ പ്രതീക്ഷ ഉണര്‍ത്തുകയാണ് മുരളി ഗോപി.
രണ്ട് വരികളും ഒരു ചിത്രവുമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി 'ഇനിയും ചിലത് വരാനുണ്ടെ'ന്നും കുറിച്ചുന്നു (More to come). ഇതിനകം 18,000ത്തിലേറെ ലൈക്കും ആയിരം കമന്റുകളും നേടിയിട്ടുണ്ട് ഈ പോസ്റ്റ്.
ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് ധ്വനിയുള്ള പോസ്റ്റിന് താഴെ കൂടുതല്‍ പ്രേക്ഷകരും പ്രവചിക്കുന്നത് ലൂസിഫറിന്റെ രണ്ടാംഭാഗത്തേക്കുറിച്ചാണ്. പൃഥ്വിരാജും മുരളി ഗോപിയും അടുത്തതായി ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടിയായിരിക്കുമെന്ന് എണ്ണത്തില്‍ കുറവെങ്കിലും ഒരു വിഭാഗം പറയുന്നു. എന്തായാലും അത്തരത്തില്‍ ഒരു പ്രോജക്ട് വരാനിരിക്കുന്നുവെങ്കില്‍ അടുത്ത ദിവസങ്ങളില്‍ മുരളി ഗോപിയുടെയും പൃഥ്വിരാജിന്റെയും ഭാഗത്തുനിന്ന് ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ