ആ തീരുമാനം എടുക്കുമോ വിജയ് സര്‍ക്കാര്‍? കാത്തിരിപ്പില്‍ സിനിമാലോകം

Published : May 12, 2026, 11:20 AM IST
will vijay government bring back 4 am shows for fdfs of super star movies theatre owners expect so

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം. 

വിജയിന്‍റെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയം രാജ്യമൊട്ടുക്കും വലിയ ചര്‍ച്ചാവിഷയമായിരുന്നു. മുന്നണികളുടെയൊന്നും ഭാഗമാകാതെയും പുതിയ മുന്നണി രൂപീകരിക്കാതെയും തിരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനായി. ഞായറാഴ്ച ആയിരുന്നു മുഖ്യമന്ത്രിയായി വിജയിന്‍റെ സത്യപ്രതിജ്ഞ. അധികാരമേറ്റയുടനെ വിജയ് സര്‍ക്കാര്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് സംസ്ഥാനത്തെ 717 മദ്യശാലകള്‍ പൂട്ടാന്‍ ആയിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. ഇനിയും ജനശ്രദ്ധ നേടുന്ന പല തീരുമാനങ്ങളും ഈ സര്‍ക്കാരില്‍ നിന്ന് ഉടന്‍ ഉണ്ടാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സിനിമാലോകം പ്രതീക്ഷിക്കുന്ന തീരുമാനങ്ങളിലൊന്നും അവയില്‍ ഉണ്ട്.

തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാള്‍ മുഖ്യമന്ത്രി ആയതിനെ വലിയ പ്രതീക്ഷയോടെയാണ് തമിഴ് സിനിമാ വ്യവസായം നോക്കിക്കാണുന്നത്. തങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിജയിന്‍റെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അവിടുത്തെ തിയറ്റര്‍ ഉടമകള്‍ കരുതുന്നുണ്ട്. ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് ദിനത്തിലെ പുലര്‍ച്ചെയുള്ള ഷോകളാണ് അത്. സൂപ്പര്‍സ്റ്റാറുകളുടെ വലിയ ഹൈപ്പോടെയെത്തുന്ന ചിത്രങ്ങള്‍ക്ക് അര്‍ധരാത്രി ആദ്യ ഷോകള്‍ ആരംഭിക്കുന്ന ഒരു സമയം തമിഴ്നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2023 ഓടെ അതിന് അവസാനമായി. പൊങ്കല്‍ റിലീസ് ആയി വിജയിന്‍റെ വാരിസും അജിത്ത് കുമാറിന്റെ തുനിവും ഇറങ്ങിയ സമയം. തുനിവിന്‍റെ തമിഴ്നാട്ടിലെ ആദ്യ പ്രദര്‍ശനങ്ങള്‍ന ആരംഭിച്ചത് പുലര്‍ച്ചെ ഒരു മണിക്ക് ആയിരുന്നു. തിയറ്ററിലെ ആഘോഷത്തിനും തിരക്കിനുമിടെ ഒരു അജിത്ത് ആരാധകര്‍ മരണപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സിനിമകളുടെ ആദ്യ ഷോകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഡിഎംകെ സര്‍ക്കാര്‍ കൊണ്ടുവന്നത്.

ബി​ഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും തമിഴ്നാട്ടില്‍ ഇപ്പോള്‍ ആദ്യ ഷോകള്‍ക്ക് അനുമതിയുള്ളത് രാവിലെ 9 മണിക്കാണ്. വിജയ് അധികാരത്തില്‍ എത്തിയതോടെ പഴയ രീതിയില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെയും സിനിമാ വ്യവസായത്തിന്‍റെയും പ്രതീക്ഷ. നിലവില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം വിജയിന്‍റേത് അടക്കമുള്ള ആരാധകര്‍ ആദ്യ ഷോകള്‍ കാണുന്നത് കേരളത്തില്‍ എത്തിയാണ്. കേരളത്തില്‍ പലപ്പോഴും പുലര്‍ച്ചെ 4 മണിക്കാണ് തമിഴ് സൂപ്പര്‍താര ചിത്രങ്ങളുടെ ആദ്യ ഷോകള്‍ നടക്കുക. അതേസമയം വിജയിന്‍റെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്‍റെ വൈകാതെയുള്ള റിലീസും സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ മാസം തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിയേക്കുമെന്നാണ് സിനിമാലോകത്തുനിന്നുള്ള വിവരം. സെന്‍സര്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൊങ്കല്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരുന്ന ജനനായകന്‍റെ റിലീസ് മുടങ്ങിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവസാനം കൂടെയുണ്ടാകുന്നത് അമ്മ മാത്രം'; ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി ആരതി സോജൻ
കാട്ടാളൻ വലിയ പെരുന്നാള്‍ റിലീസിന്! ക്യൂബ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ 'കാട്ടാളൻ' വേൾഡ് വൈഡ് റിലീസ് മെയ് 28ന്