'നികൃഷ്ടമായ നിയമലംഘനം അപലപിക്കുന്നു, നീതിന്യായ വ്യവസ്ഥ തന്നെ ഒരു അതിജീവിതയെ തോല്‍പിക്കരുത്': ഡബ്ലിയുസിസി

By Web TeamFirst Published Apr 13, 2024, 9:29 PM IST
Highlights

നീതിന്യായ വ്യവസ്ഥ തന്നെ ഒരു അതിജീവിതയെ തോൽപിക്കരുതെന്നും നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും ഇത് മുറിവേൽപിച്ചു എന്നും വിമൻ ഇൻ സിനിമ കളക്ടീവ് പറഞ്ഞു. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യുസിസി.നീതി നേടിയെടുക്കാൻ നടിക്ക് പിന്തുണയെന്ന് ഡബ്യുസിസി  അറിയിച്ചു. നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ വേണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. നടിയെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും  മുറിവേൽപ്പിച്ചിരിക്കുന്നു. നടന്നത് നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതെന്ന് വ്യക്തമാക്കിയ വനിതകൂട്ടായ്മ നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കുന്ന നടപടി ഞെട്ടിച്ചുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും അതിപ്രധാന വിവരങ്ങൾ ചോർന്നു എന്ന സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുമുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല' എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.

കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ  ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോർട്ടിന്റെ  കണ്ടെത്തൽ അവളെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും  മുറിവേൽപ്പിച്ചിരിക്കുന്നു. അവൾ  എഴുതിയതു പോലെ "ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ." സന്ധിയില്ലാതെ അവൾ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം  കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങൾ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസ്സഹായതയോടെ എന്നാൽ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്ക്ക് ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

 


 

click me!