
ബെന്യാമിന്റെ ആടുജീവിതം നോവല്‍ സിനിമയായി എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി ആടുജീവിതം സംവിധാനം ചെയ്‍തപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ആടുജിവിതം മലയാളിയായ ഷുക്കൂറിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം കൊണ്ട നോവലാണ്. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും നോവലിലെ പ്രവര്‍ത്തികള്‍ക്ക് താനാണ് ഉത്തരവാദിയെന്നും ബെന്യാമിൻ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് തന്റെ അഭിപ്രായം വീണ്ടും ബെന്യാമിൻ വ്യക്തമാക്കിയിരിക്കുന്നത്. ഞാൻ കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറയുന്ന കാര്യങ്ങളാണ്. സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽകൂടി പറയുകയാണ് ഞാൻ. എന്റെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ താൻ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നും ബെന്യാമിൻ വ്യക്തമാക്കുന്നു.
മുപ്പത് ശതമാനം താഴെ മാത്രമേ തന്റെ നോവലില്‍ ഷുക്കൂറുള്ളുവെന്നും ബെന്യാമിൻ വ്യക്തമാക്കുന്നു. ആടുജീവിതം ഷുക്കൂറിന്റെ ജീവിത കഥയല്ല. അത് എന്റെ നോവലാണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല.
അതിലെ നജീബ് എന്ന ആ കഥാപാത്രം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. വേദികളിൽ ഞാനത് ഒരുപാട് പറഞ്ഞിട്ടുണ്ട്. ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോയെന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച സംശയങ്ങള്‍ തന്നോട് ചോദിക്കൂ എന്നും ബെന്യാമൻ ആവശ്യപ്പെടുകയാണ് വീണ്ടും.
Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക