
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളിലും അൻസിബയും ലക്ഷ്മി പ്രിയയും തമ്മിലുള്ള പ്രശ്നങ്ങളിലും പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വർഗ്ഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് നമ്മുടേതെന്ന് ശാരദക്കുട്ടി പറയുന്നു. ഈ അപകടകാരികളെ ഒറ്റു കൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല, മറിച്ച് അവർ വമിപ്പിക്കുന്ന വിഷമാണെന്നും അൻസിബ എന്ന നടി അത്തരത്തിൽ ഒരപകടകാരിയല്ലെന്നും ശാരദക്കുട്ടി പറയുന്നു.
ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെ ശാരദക്കുട്ടി വിമർശനം ഉന്നയിച്ചിട്ടുണ്ട്. വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവർ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണെന്നാണ് അവർ പറയുന്നത്. വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശാരദക്കുട്ടി വിമർശിച്ചു.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ
ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വർഗ്ഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഈ അപകടകാരികളെ ഒറ്റു കൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല, മറിച്ച് അവർ വമിപ്പിക്കുന്ന വിഷമാണ്. അൻസിബ എന്ന നടി അത്തരത്തിൽ ഒരപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്.
A.M.M. A യുടെ ഒരു stage ഷോയിലോ വാർഷികത്തിനോ മറ്റോ കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്റ്റേജിൽ കയറാൻ നിൽക്കുമ്പോഴുള്ള 'പ്രാർഥന' എന്ന പേരിൽ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ് ആർക്കോവേണ്ടി വർഗ്ഗീയക്കോമരം തുള്ളാൻ കച്ചകെട്ടിയിറങ്ങിയതാണ് മറ്റേ നടിയെന്ന്. എന്തായിരുന്നു Performance !!!
മൗലിക ചിന്തയുടെ ഒരു തരി പോലും . അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്. ശ്വാസം deep ആയി അകത്തോട്ടെടുത്തും slow ആയി പുറത്തേക്കു വിട്ടും കണ്ണിറുക്കിയടച്ച് പറപറാന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുത്തും ഇവർ വിഡ്ഢിവേഷം കെട്ടുമ്പോൾ ബീന ആൻ്റ്ണിയും നീന കുറുപ്പും സജിതാ ബേട്ടിയും ചിരി അടക്കാൻ പാടുപെടുന്നത് വീഡിയോയിൽ വ്യക്തമാണ്.
വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവർ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണ്. ഇത് കേവലം A.M.M.A യുടെ ഒരു ഉൾപ്രശ്‌നം മാത്രമായി കാണുന്നത് വലിയ അപകടമാണ്.
ഇവരെങ്ങനെ A.M.M. A യുടെ ഭാരവാഹിസ്ഥാനത്തെത്തി എന്ന് ചിന്തിച്ചെടുക്കാൻ, പാളിപ്പോയ ആ ബി ജെ പി സ്ഥാനാർഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല. ഒക്കെ സ്വയമങ്ങ് വെളിപ്പെട്ടു വരികയായിരുന്നു. ഇളക്കി വിട്ടവർ പോലും ലജ്ജിച്ചുപോകുന്നതരം over acting ആണ് എല്ലായിടത്തും.
തല നിറയെ വർഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിൻ്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം വേഷമാണത്. ആരുടെയൊക്കെ മുറിയിൽ ആരൊക്കെ വന്നു പോയാൽ ഇവർക്കെന്താ ചേതം? ആരെങ്കിലും വിവാഹബന്ധം വേർപെടുത്തിയാലിവർക്കെന്താ ചേതം?
പുറത്തു നിന്ന് വർഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിൻ്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്തു നിൽക്കുകയാണ്. അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. 'ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ'മെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ.
ഇവരെ വിളിച്ചിരുത്തി വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനലുണ്ടല്ലോ അതിനെയാണ് പൂട്ടിക്കേണ്ടത്. വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. A M.M.A യിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാൻ സാധ്യതയുമില്ല. അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ