കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2വിന്റെ ടീസർ പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർ

By Web TeamFirst Published Jan 7, 2021, 11:09 PM IST
Highlights

2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. 

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രം 'കെജിഎഫി'ന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ ലീക്കായെന്ന വാർത്തകൾ പുറച്ചുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നടൻ യാഷിന്റെ ജന്മദിനമായ ജനുവരി 8ന് ടീസർ പുറത്തിറക്കുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. 

ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. സംവിധായകൻ പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ‘ഒരിക്കൽ ഒരു വാ​ഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു. 

A promise was once made, that promise will be kept!https://t.co/Bmoh4Tz9Ry

Wishing Rocking Star a very Happy Birthday. pic.twitter.com/qtNzQ5KJAg

— Prashanth Neel (@prashanth_neel)

യാഷും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. സിനിമയുടെ ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ രം​ഗങ്ങൾ. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നിര്‍മാണച്ചെലവേറിയ ചിത്രമായിരുന്നു കെ.ജി.എഫ്. 

click me!