'നിങ്ങള്‍ മണികര്‍ണികയല്ലേ, അതിര്‍ത്തിയിലേക്ക് പോകൂ, ചൈനയെ തോല്‍പ്പിക്കൂ'; കങ്കണയെ ട്രോളി അനുരാഗ് കശ്യപ്

By Web TeamFirst Published Sep 18, 2020, 10:55 AM IST
Highlights

''നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്...''
 

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ ചുറ്റിയാണ് ഇപ്പോള്‍ പ്രധാന വിവാദങ്ങളെല്ലാം. നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ മഹാരാഷ്ട്ര സര്‍ക്കാരും കങ്കണയും തമ്മില്‍ ആരംഭിച്ച തര്‍ക്കം ഇപ്പോള്‍ ബോളിവുഡ് താരങ്ങളിലേക്കും കടന്നിരിക്കുകയാണ്. താന്‍ ഒരു പോരാളിയാണെന്നും തല കൊയ്‌തെടുക്കാം പക്ഷേ ഒരിക്കലും തല കുനിക്കില്ലെന്നുമെല്ലാമുള്ള കങ്കണയുടെ ട്വീറ്റിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടനും സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. 

'നാലഞ്ച് പേരെ കൂട്ടി അതിര്‍ത്തിയില്‍ പോയി ചൈനയെ തോല്‍പ്പിക്കൂ' എന്നാണ് കശ്യപ് കങ്കണയെ പരിഹസിച്ചത്. ''നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്.  നിങ്ങള്‍ ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്'' - അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. 
 
ഹിമാചലിലെ മണാലിയിലുള്ള വീട്ടിലാണ് ഇപ്പോള്‍ കങ്കണ താമസിക്കുന്നത്. വാക്കുകള്‍കൊണ്ട് കങ്കണയും അനുരാഗ് കശ്യപും പരസ്പരം ആക്രമിക്കുന്നത് ഇതാദ്യമല്ല. '' ഞാന്‍ പോരാളിയാണ്. എനിക്ക് എന്റെ തല അറുക്കാന്‍ കഴിയും, പക്ഷേ എനിക്ക് തല കുനിക്കാനാകില്ല. രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടി ഞാന്‍ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. അഭിമാനിയായി ബഹുമാന്യയായി സ്വാഭിമാനത്തോടെ ദേശീയവാദിയായി അഭിമാനത്തോടെ ഞാന്‍ ജീവിക്കും...'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 

അതേസമയം നടി ഊര്‍മിള മണ്ഡോത്കറിനെ അധിക്ഷേപിച്ച് കങ്കണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഊര്‍മിള സോഫ്റ്റ് പോണ്‍ താരമാണെന്നായിരുന്നു ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കങ്കണ ആരോപിച്ചത്. ഇതിനെതിരെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

''ഊര്‍മിള ഒരു സോഫ്ട് പോണ്‍സ്റ്റാര്‍. അല്ലാതെ അവര്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവര്‍ക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ''എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു. ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം.

നേരത്തെ കങ്കണ മുംബൈയ്‌ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള രംഗത്തുവന്നിരുന്നു. അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

രാജ്യം മുഴുവന്‍ മയക്കുമരുന്ന് എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവര്‍ക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊര്‍മ്മിള പറയുന്നു. നികുതി ദായകരുടെ പണമുപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ ലഭിച്ച കങ്കണ എന്തുകൊണ്ട് ഇത്തരം ലഹരി ചങ്ങലയെക്കുറിച്ചുള്ള വിവിരം പൊലീസിന് നല്‍കുന്നില്ലെന്നും ഊര്‍മ്മിള ചോദിച്ചു. മുംബൈയ്ക്കെതിരായ കങ്കണയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും രൂക്ഷമായി ഊര്‍മിള പ്രതികരിച്ചിരുന്നു.

click me!