
അഭിനയകലയോട് തനിക്കുള്ള അഭിനിവേശം എത്രത്തോളമാണെന്ന് മമ്മൂട്ടി പല പൊതുവേദികളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സിനിമാ തെരഞ്ഞെടുപ്പുകളും കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടങ്ങളും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വീണ്ടും വീണ്ടും ബോധ്യപ്പെടുന്ന കാര്യവുമാണ്. ഏറ്റവുമൊടുവില്‍ ഇന്നലെ നടന്ന പേട്രിയറ്റ് പ്രസ് മീറ്റിലും മമ്മൂട്ടിയെ തേടി അത്തരമൊരു ചോദ്യമെത്തി. പതിവുപോലെ അദ്ദേഹം മറുപടിയും പറഞ്ഞു. എന്നാല്‍ തമിഴിലെ ഒരു പുതുമുഖ താരത്തെക്കുറിച്ചും ആ മറുപടിയില്‍ അദ്ദേഹം പരാമര്‍ശിച്ചു. മമ്മൂട്ടിയെന്ന ലെജന്‍ഡ് തന്‍റെ കാര്യം ഒരു പൊതുവേദിയില്‍ പറഞ്ഞതിലുള്ള സന്തോഷം ആ നടനും പങ്കുവച്ചിരിക്കുകയാണ്.
അഭിനയത്തോട് തനിക്കുള്ള ആര്‍ത്തിയെക്കുറിച്ച് മമ്മൂട്ടി മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഇന്നലെ അക്കാര്യം പറഞ്ഞപ്പോള്‍ തമിഴില്‍ അടുത്തിടെ എത്തിയ യുവതാര ചിത്രം യൂത്തിലെ ഒരു യുവനടനെ അദ്ദേഹം പരാമര്‍ശിച്ചു. സിനിമയിലെ അഭിനയമല്ല മറിച്ച് ചിത്രത്തിന്‍റെ വിജയാഘോഷ വേദിയില്‍ വാക്കുകള്‍ക്ക് വേണ്ടി പ്രയാസപ്പെടുന്ന അയാളുടെ വൈകാരികനിമിഷത്തെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. “ഈ ചോദ്യത്തിന് ഉത്തരമൊന്നുമില്ല. ഞാന്‍ ഇന്ന് യൂത്ത് എന്ന ഒരു സിനിമയുടെ സക്സസ് മീറ്റ് കണ്ടിരുന്നു. ഒരുപാട് പിള്ളേര് സംസാരിച്ചു. അതില്‍ ഒരാള്‍ വന്ന് സംസാരിക്കുമ്പോള്‍ അവന് സന്തോഷവും വരുന്നുണ്ട്, സങ്കടവും വരുന്നുണ്ട്. ഞാന്‍ സിനിമയില്‍ നന്നാവൂല്ല, എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടൂല്ല, നീ എന്തിനാടാ വെറുതെ പോകുന്നത്. നിന്നെ കളിയാക്കാനാണ് വിളിക്കുന്നത് എന്നൊക്കെ എന്‍റെ അച്ഛന്‍. അവസാനം ഇയാള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടി എന്നൊക്കെ പറയുമ്പോള്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോകുന്ന ഒരു മൊമെന്‍റ് ഉണ്ട്. ഞങ്ങള്‍ക്കൊന്നും അങ്ങനെയൊരു മൊമെന്‍റേ ഉണ്ടായിട്ടില്ല. ഞങ്ങള്‍ സിനിമ വന്നതിന് ശേഷം സിനിമയില്‍ ഉണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ എക്സൈറ്റ്മെന്‍റ്, ആ ആര്‍ത്തി, ആഗ്രഹം. ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അത് ഇപ്പോഴും എനിക്കുണ്ട്”, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ചിന്ന തമിഴ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലൂടെ കോണ്ടെന്‍റ് ക്രിയേറ്റ് ചെയ്ത് ശ്രദ്ധ നേടിയ അബിസണ്‍ തേവരസയെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ഈ വീഡിയോ ഭാഗം വൈറല്‍ ആയതിന് പിന്നാലെ യൂത്ത് ടീമിലെ പലരും സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ വാക്കുകളിലുള്ള സന്തോഷം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ കെന്‍ കരുണാസ് എക്സിലൂടെ പ്രസ്തുത വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഹാര്‍ട്ട് ഇമോജിക്കൊപ്പമാണ് കെന്‍ കരുണാസ് വീഡിയോ ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആണ് അബിസണ്‍ മമ്മൂട്ടി തന്നെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ട്രൂലി മേഡ് മൈ ഡേ, താങ്ക് യൂ സാര്‍’ എന്നാണ് മമ്മൂട്ടിയെ ടാഗ് ചെയ്തുകൊണ്ട് അബിസണ്‍ വീഡിയോയ്ക്കൊപ്പം കുറിച്ചത്. തമിഴില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നായ യൂത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ