ഇരുന്നൂറ് ശതമാനവും പത്മാവതിക്കൊപ്പം'; സിനിമയെ പിന്തുണച്ച് രണ്‍വീര്‍ സിങ്

By Web DeskFirst Published Nov 21, 2017, 11:13 PM IST
Highlights

ദില്ലി: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പത്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുമ്പോള്‍ സിനിമയിക്ക് പൂര്‍ണപിന്തുണയുമായി നടന്‍ രണ്‍വീര്‍ സിങ്. ഇരുന്നൂറ് ശതമാനവും താന്‍ ചിത്രത്തിനും സംവിധാനകനുമൊപ്പമാണെന്ന് രണ്‍വീര്‍ പറഞ്ഞു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ രണ്‍വീറാണ് അവതിരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കും. പ്രസ്താവനകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രണ്‍വീര്‍.

നേരത്തെ സിനിമയെ പിന്തുണച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോണ്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ദീപികക്കെതിരെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്.

സിനിമ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടര്‍ന്നാണ് നീട്ടിവെച്ചത്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ്പുത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ദീപിക പദുകോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെയും കൊയ്യുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു.

കുന്‍വാര്‍ സൂരജ് പാല്‍ സിങിനെതിരെയാണ് 506-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഭീഷണിയെ തുടര്‍ന്ന് റണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, സംവിധായകന്‍ സജ്ഞയ് ലീലാ ഭന്‍സാലി എന്നിവര്‍ക്ക് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പദ്മാവതിക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് സൂരജ് പാല്‍ വീണ്ടും രംഗത്തെത്തി.

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീയിട്ട് നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷത്രിയവീര്യമുള്ള യുവാക്കള്‍ക്ക് അതിനുള്ള ശക്തിയുണ്ടെന്നാണ് സൂരജ് പാല്‍ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ 'ക്ലീന്‍ ഇന്ത്യ' ക്യാമ്പയിന്‍റെ ഭാഗമായി ഈ പ്രവൃത്തിയെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

190 കോടി ചെലവില്‍ നിര്‍മ്മിച്ച പത്മാവതി ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് പേരിലും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
 

click me!