
തമിഴില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ സിനിമകളുടെ കൂട്ടത്തിലാണ് '96'ന്റെ സ്ഥാനം. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വലിയ വിജയം നേടിയിരുന്നു. കന്നഡയില്‍ ചിത്രത്തിന് ഒരു റീമേക്ക് ഒരുങ്ങുന്നതായും വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
96 കന്നഡയില്‍ എത്തുമ്പോള്‍ 99 എന്ന് പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റാം എന്ന, തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് 'ഗോള്‍ഡന്‍ സ്റ്റാര്‍' എന്ന് വിശേഷണമുള്ള ഗണേഷ് ആണ്. ജാനു എന്ന, തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയും. എന്നാല്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഗണേഷ് അവതരിപ്പിക്കുന്ന നായകകഥാപാത്രം മാത്രമാണുള്ളത്.
പ്രീതം ഗബ്ബിയാണ് സംവിധായകന്‍. തമിഴിലേതുപോലെ സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും കന്നഡയില്‍ റീമേക്കിന് ശേഷം എത്തുമ്പോഴും. പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അര്‍ജുന്‍ ജന്യയുടെ നൂറാമത് ചിത്രം എന്ന പ്രത്യേകതയുമുണ്ട്.