ലണ്ടനിലെ സംഗീതനിശ: വിവാദങ്ങളില്‍ മറുപടിയുമായി എ ആര്‍ റഹ്‍മാന്‍

By Web DeskFirst Published Jul 16, 2017, 5:15 PM IST
Highlights

ലണ്ടനിലെ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി എ ആര്‍ റഹ്‍മാന്‍. പരിപാടി മനോഹരമാക്കാന്‍ താനും ടീമംഗങ്ങളും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും, ആസ്വാദകരാണ് തന്‍റെ കരുത്തെന്നും റഹ്‍മാന്‍ പ്രതികരിച്ചു. സംഗീതവിരുന്നില്‍ റഹ്‍മാന്‍ തമിഴ് ഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 8നായിരുന്നു വെംബ്ലി സ്റ്റേഡിയത്തില്‍ റഹ്മാന്‍റെ സംഗീതനിശ അരങ്ങേറിയത്  നേറ്റ്ര് ഇന്‍ട്ര് നാളൈ എന്ന് പേരിട്ട പരിപാടി തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ സദസ്സില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. റഹ്മാന്‍ തമിഴ് പാട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നാരോപിച്ച് ഉത്തരേന്ത്യക്കാരായ കാണികള്‍ സ്റ്റേഡിയം വിട്ടിറങ്ങി. ടിക്കറ്റ് തുക തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ സമൂഹമാധ്യമങ്ങളിലും ചൂടന്‍ ചര്‍ച്ചകളായി. റഹ്‍മാനെ എതിര്‍ത്തും അനുകൂലിച്ചും ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും നിറഞ്ഞു.

ഹിന്ദി ഭാഷയുടെ ആധിപത്യത്തെ കുറിച്ചുള്ള തര്‍ക്കങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി. റഹ്‍മാനോടുള്ള സമീപനം ക്രൂരമാണെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്രയും ചിന്‍മയിയും അടക്കമുള്ള പ്രമുഖരും എത്തിയതോടെ വിവാദം കൊഴുത്തു.  അതിനിടെയാണ് റഹ്‍മാന്‍റെ പ്രതികരണം വരുന്നത്. എപ്പോഴും ആസ്വാദകരുടെ ഇഷ്‌ടമനുസരിച്ചാണ്  പാട്ടുകള്‍ വേദിയില്‍ അവതരിപ്പിക്കാറുള്ളത്. ലണ്ടന്‍ പരിപാടിയും പരമാവധി ഭംഗിയാക്കാന്‍ ശ്രമിച്ചു. ആരാധകരില്ലെങ്കില്‍ താനില്ലെന്നും റഹ്മാന്‍ ന്യൂയോര്‍ക്കില്‍ ഐഫ അവാര്‍ഡ് ദാനചടങ്ങിനിടെ വ്യക്തമാക്കി.

വെംബ്ലി സ്റ്റേഡിയത്തിലെ പരിപാടിയിലേക്ക് റഹ്‍മാന്റെ 28 ഹിറ്റ് പാട്ടുകളാണ് തെരഞ്ഞെടുത്തത്. 16 ഹിന്ദി പാട്ടുകളും 12 തമിഴ് ഗാനങ്ങളും ആണ് അവതരിപ്പിക്കാനിരുന്നതെന്നും  സംഘാടകര്‍ വിശദീകരിക്കുന്നു.

വിവാദങ്ങള്‍ക്കിടെ റഹ്‍മാന്‍റെ കാല്‍നൂറ്റാണ്ട് നീണ്ട സംഗീതസപര്യക്ക് സമര്‍പ്പണവുമായി അദ്ദേഹത്തിന്‍റെ ടീമംഗങ്ങള്‍ ഒരു വീഡിയോ പുറത്തിറക്കി. അതുല്യസംഗീതജ്ഞന്‍റെ ഹിറ്റ് ഗാനശകലങ്ങളും സംഗീതയാത്രയെ കുറിച്ചുള്ള വിവരണവും കോര്‍ത്തിണക്കിയട്രെയിലറിന് മികച്ച പ്രതികരണം ആണ് കിട്ടുന്നത്.

 

 

click me!