
ദിലീപ് ഫാന്‍സിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ദിലീപിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പച്ച സെബാസ്റ്റ്യൻ പോളിനെയും ശ്രീനിവാസനെയും വിമർശിച്ച് ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ദിലീപ് ഫാന്‍സ് ചെയര്‍മാനായ റിയാസ് വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനാണ് ആഷിഖ് അബു ഇപ്പോള്‍ ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.
ആഷിഖ് അബുവിന് റിയാസ് നല്‍കിയ മറുപടി
പ്രിയപ്പെട്ട ആഷിക് അബു,
ശ്രീ. സെബാസ്റ്റ്യൻ പോളും ശ്രീ. ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് താങ്കളുടെ ഫെയ്സ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ്താനും. "നീതിയുടെ ഭാഗത്തു നിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്" എന്നും താങ്കൾ പറയുന്നു. ആയിക്കോട്ടെ, പൊലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.
പക്ഷെ ശ്രീമാൻ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫെയ്സ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാൽ നടൻ ഷൈൻ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ. അത് കേവലം ആരോപണം അല്ലായിരുന്നു. കൈയ്യിൽ 10 ഗ്രാം കൊക്കെയ്‌നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാൻ കാലത്തു. എന്നിട്ടും താങ്കൾക്കു അന്ന് ഈ കേരള പൊലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു. നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോൾ പത്രപ്രവർത്തകനെയും ആ പത്രത്തേയും ആവോളം പുലയാട്ടും താങ്കൾ പറഞ്ഞിരുന്നു. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോൾ പുരോഗമന പ്രസ്ഥാനക്കാരൻ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയ കഥയും താങ്കൾ അതിൽ ആവർത്തിക്കുന്നു !
പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങൾ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കൾ വീണ്ടും തുടരുന്നു ".......ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടും....." താങ്കൾ ഈ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യൻ പോളോ പറഞ്ഞിട്ടുണ്ടോ...?! ഞങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?!
ദിലീപേട്ടൻ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നെ പൊലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല.... അപ്പോൾ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോൾ അത് നീതികേട് എന്ന് താങ്കൾക്കു തോന്നാമെങ്കിൽ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളിനും അത് നീതികേട് ആണെന്ന് തോന്നാൻ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ ശ്രീ. ആഷിക് അബു ?!
ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെൺകുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികൾളിൽ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടൻ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനിൽക്കുന്നതായി എനിക്ക് തോന്നിയാൽ എന്നോട് സദയം ക്ഷമിക്കുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദിലീപേട്ടനെതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ താങ്കൾ ആണോ എന്ന് ഞങ്ങൾ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു.
ദിലീപ് ഫാന്‍സിന് ആഷിഖ് അബുവിന്റെ മറുപടി
മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ് അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്.
അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവൾക്കൊപ്പം
#നീതിക്കൊപ്പം
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ