ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമി അന്തരിച്ചു

By Web DeskFirst Published Jul 5, 2016, 6:48 AM IST
Highlights

ടെഹ്റാന്‍: പ്രസിദ്ധ ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരോസ്തമി അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഫ്രാൻസിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.  ടേസ്റ്റ്ഓഫ്  ചെറി ഉൾപ്പെടെ ഒട്ടേറെ വിഖ്യാത ചിത്രങ്ങളുടെ സംവിധായകനാണ്.

ഐ.എഫ്.എഫ്.കെ അടക്കം ലോകമൊട്ടുക്കുളള ചലച്ചിത്രമേളകള്‍ക്കു പ്രിയങ്കരനായ സംവിധായകൻ. ഇറാനിലെ നവതരംഗ സിനിമക്കാരില്‍ പ്രമുഖന്‍. ഇറാനിയന്‍ സിനിമയ്ക്ക് ലോകമൊട്ടുക്ക് ആരാധകരെ നേടിക്കൊടുത്തതില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹം തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫര്‍, കവി, ഫിലിം എഡിറ്റര്‍, ഗ്രാഫിക് ഡിസൈനര്‍, സിനിമാ നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. 

ഇസ്ളാമിക വിപ്ളാവനന്തര ഇറാനെ സിനിമകളിലേക്കു പകര്‍ത്തിയ കിരോസ്തമിയുടെ പ്രതിഭ ലോകം ആദ്യം അറിഞ്ഞത് വേർ ഈസ് ദ് ഫ്രണ്ട്സ് ഹോം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നെ കാഴ്ചയുടെ വസന്തം തീർത്ത് നാൽപ്പതോളം ചിത്രങ്ങൾ. ഏറ്റവും ശ്രദ്ധേയമായത് ടേസ്റ്റ് ഓഫ് ചെറി എന്ന ചിത്രം.

ക്ളോസ് അപ്, ദ് വിൻഡ് വിൽ ക്യാരി അസ്, ടിക്കറ്റ്സ്,  സർട്ടിഫൈഡ് കോപ്പി,തുടങ്ങി കിരൊസ്താമിയുടെ ചിത്രങ്ങളെല്ലാം ജനപ്രിയമായി. സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി ഒരുക്കിയ ടെന്‍ എന്ന ചിത്രവും ശ്രദ്ധേയമായി. കിരൊസ്താമിയുടെ ചിത്രങ്ങളായ ഷിറിന്നും ലൈക് സംവണ്‍ ഇന്‍ ലവും ഐഎഫ്എഫ്കെയിലൂടെ മലയാളി പ്രേക്ഷകരുടെയും കൈയ്യടികൾ നേടി. 

സിനിമകളില്‍ പരീക്ഷണം വേണമെന്നു വാശിപിടിച്ചിരുന്ന അദ്ദേഹം തന്‍റെ ചിത്രങ്ങളിലൂടെ കാഴ്ചയുടെ പുതിയ അനുഭവങ്ങള്‍ പ്രേക്ഷകനു സമ്മാനിച്ചു. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തിന് ഇനി വിട. അപ്പോഴും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് ആ കാഴ്ചകൾ യാത്ര തുടരുക തന്നെ ചെയ്യും.
 

click me!