'വലിയ സന്തോഷം, ദൈവത്തിനും പ്രേക്ഷകർക്കും നന്ദി'; ഫാൽക്കേ പുരസ്കാര നിറവിൽ മോഹൻലാൽ

Published : Sep 21, 2025, 06:57 AM IST
actor mohanlal, mohanal, Dadasaheb Phalke

Synopsis

ഫാൽകേ പുരസ്കാര മലയാളസിനിമയ്ക്ക് ലഭിച്ച അംഗീകാരം ആണെന്നായിരുന്നു അവാർഡ് വാർത്തയോടുള്ള മോഹൻലാലിന്‍റെ ആദ്യ പ്രതികരണം.

കൊച്ചി: ഫാൽക്കേ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ ഇന്ന് കൊച്ചിയിൽ എത്തി. വലിയ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്കും ദൈവത്തിനും നന്ദിയെന്നും ആണ് മോഹൻലാലിന്റെ പ്രതികരണം. പുരസ്കാരവാര്‍ത്ത അറിഞ്ഞപ്പോള്‍ ചെന്നൈയിലായിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകരാണ്. മലയാളം സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ്.’ ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണമെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു.  

രാവിലെ 10.30ന് ഹോട്ടൽ ക്രൗൺ പ്ലാസയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് ആഹ്ളാദം പങ്കുവെക്കും. അതിന് പിന്നാലെ മോഹൻലാലിന്‍റെ വാർത്താസമ്മേളനവും ഉണ്ടാകും. ഫാൽകേ പുരസ്കാര മലയാളസിനിമയ്ക്ക് ലഭിച്ച അംഗീകാരം ആണെന്നായിരുന്നു അവാർഡ് വാർത്തയോടുള്ള മോഹൻലാലിന്‍റെ ആദ്യ പ്രതികരണം.

മലയാളത്തിന്‍റെ മേൽവിലാസമാവുകയാണ് മോഹൻലാൽ

ഇടത്തോട്ടുള്ളൊരു ചെരിവിനൊപ്പം ഉയരുകയാണ് മലയാള സിനിമ. ഇന്ത്യൻ സിനിമയുടെ അത്യുന്നതിയിൽ ലാലേട്ടൻ എത്തുമ്പോൾ നേട്ടം മലയാള സിനിമക്കാണ്. ഫാൽക്കെ പുരസ്‌കാരം നേടുന്ന ആദ്യ മലയാള നടനും അടൂരിന് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയും ആണ് മോഹൻലാൽ. അങ്ങനെ ഒരിക്കൽകൂടി മലയാളത്തിന്‍റെ മേൽവിലാസമാവുകയാണ് മോഹൻലാൽ.

എൺപതുകളിൽ മഞ്ഞിൽ വിരിഞ്ഞൊരു പൂവ്. ഓരോ തന്‍മാത്രയിലും അഭിനയത്തിന്‍റെ രസതന്ത്രവുമായി മലയാള സിനിമയിലെ കിരീടവും ചെങ്കോലും ചാർത്തിയ ആറാം തമ്പുരാൻ. 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 9 സംസ്ഥാന പുരസ്കാരങ്ങളും സിവിലിയൻ ബഹുമതിയായി പത്മശ്രീയും പത്മഭൂഷണും ഒടുവിലിതാ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരവും. നാലര പതിറ്റാണ്ട് പിന്നിട്ടു. പിൻഗാമിയായി ആരുമില്ലാതെ ഇന്നും പ്രേക്ഷകരെ വിസ്മയത്തുന്പത്ത് നിർത്തുന്ന മാന്ത്രികത. മൂന്ന് സിനിമയിലൂടെ 600 കോടി കളക്ഷൻ. ബോക്സ് ഓഫീസിന്‍റെ എംപുരാനായി ലാലേട്ടൻ ഇനിയും. ഹൃദയപൂർവം തുടരും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ