
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദീലിപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഉത്തരവ് നാളെ. രാവിലെ 10.15നാണ് സിംഗിള്‍ ബെഞ്ച് വിധി പറയുക. ഇതിനിടെ പ്രദീഷ് ചാക്കോയുടെ സഹ അഭിഭാഷകന്‍ രാജു ജോസഫിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. റിമാന്‍ഡ് തടവുകാരനായി ദിലീപ് ആലുവ സബ് ജയിലിലെത്തി പത്ത് ദിവസം തികയുമ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരുന്നത്.
നേരത്തെ അങ്കമാലി കോടതി താരത്തിന്റെ അപേക്ഷ തളളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്നും തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
ജാമ്യം തളളിയാല്‍ ദിലീപിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി തുടരേണ്ടിവരും. ഇതിനിടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വ്യത്യസ്ഥമായ മൊഴികളാണ് അഡ്വ പ്രദീഷ് ചാക്കോയും സഹ അഭിഭാഷകന്‍ അഡ്വ രാജു ജോസഫും പൊലീസിനോട് പറയുന്നത്.
ഈ ഫോണ്‍ പ്രദീഷ് ചാക്കോയെ എല്‍പിച്ചെന്നാണ് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ മൊഴി. എന്നാല്‍ അങ്ങനെയൊരു ഫോണ്‍ കണ്ടിട്ടേയില്ലെന്നായിരുന്നു ആദ്യഘട്ടങ്ങളില്‍ പ്രദീഷ് ചാക്കോയുടെ നിലപാട്. സഹ അഭിഭാഷകന്‍ ഫോണ്‍ നശിപ്പിച്ചു എന്നുവരെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജു ജോസഫ് ഇത് സമ്മതിക്കാന്‍ തയാറായില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നോ, തെളിവ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നെന്നോ ബോധ്യപ്പെട്ടാല്‍ രാജു ജോസഫിനെ കൂടി കേസില്‍ പ്രതിചേര്‍ക്കാനാണ് പൊലീസ് നീക്കം.
സത്യം തുറന്നുപറയാന്‍ ഒരവസരം കൂടി ഇരുവര്‍ക്കും നല്‍കുമെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ഫോണും ദൃശ്യങ്ങളും വിദേശത്ത് എത്തിയിരിക്കാനുളള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. പ്രദീഷ് ചാക്കോയുടെ ഉപദേശത്തിലാണ് ഫോണ്‍ വേമ്പനാട് കായലില്‍ ഒഴിക്കിക്കളഞ്ഞെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ