
തനിക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ജെയ്ൻ ഫോൻഡ. പല തവണ ലൈംഗിക ചൂഷണത്തിനിരയായെന്നാണ് 79കാരിയായ നടി വെളിപ്പെടുത്തിയത്. സ്ത്രീകളെ കാഴ്ചവസ്തുക്കളായി കാണുന്ന സമീപനമാണ് സിനിമാരംഗത്തുള്ളതെന്നും ഓസ്കർ ജേതാവ് കൂടിയായ നടി പറയുന്നു.
സ്ത്രീയെന്ന നിലയിൽ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് 79കാരിയായ ജെയ്ൻ ഫോൻഡ പറയുന്നതിങ്ങനെ. പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിക്ക് സ്ത്രീകൾ എന്ത് വില നൽകേണ്ടിവരുന്നുവെന്ന് വ്യക്തമാക്കാനായി ഞാൻ ഇക്കാര്യം പറയുകയാണ്. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടിയായിരിക്കെ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ട്.
ബോസിനൊപ്പം കിടക്ക പങ്കിടാൻ തയ്യാറാകാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. ഞാൻ ശരിയായ കാര്യം പറയുകയോ ചെയ്യുകയോ ചെയ്യാത്തതിനാൽ ഇതെല്ലാം എന്റെ കുറ്റമാണെന്നാണ് ഞാൻ കരുതിയത്.
നെറ്റ് എ പോർട്ടർ മാസികയ്ക്ക് വേണ്ടി ഹോളിവുഡ് നടി ബ്രീ ലാർസനുമായി നടത്തിയ സംഭാഷണത്തിലാണ് ജെയ്ൻ ഫോൻഡ താൻ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.എന്നാൽ ആരാണ് തന്നെ ചൂഷണം ചെയ്തതെന്ന് നടി വ്യക്തമാക്കിയിട്ടില്ല.
ചലച്ചിത്ര രംഗത്തും സ്ത്രീകൾ നേരിടുന്നത് നിരന്തര ചൂഷണങ്ങളാണെന്ന് ഓസ്കർ അവാർഡ് ജേതാവ് കൂടിയായ ജെയ്ൻ ഫോൻഡ പറയുന്നു. സ്ത്രീകളെ കാഴ്ചവസ്തുക്കളായി കാണുന്ന സ്ഥിതിയുള്ളതിനാൽ ഇപ്പോൾ പ്രായം കുറഞ്ഞ നടിയായിരിക്കുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. നഗ്നത കൂടുതലായി പ്രദർശിപ്പിക്കണം. നിങ്ങൾ കാണാനെങ്ങനെ ഇരിക്കുന്നു എന്നതിനാണ് പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്.
ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകളുടെ കുറ്റമല്ലെന്ന തിരിച്ചറിവുണ്ടാക്കിയതാണ് വനിതാ മുന്നേറ്റങ്ങളുടെ നേട്ടമെന്നും ജെയ്ൻ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ജെയ്ൻ ലോസ് ആഞ്ചലസിലെ റേപ്പ് ട്രീറ്റ്മെന്‍റ് സെന്‍ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
തന്‍റെ പന്ത്രണ്ടാം വയസ്സിൽ ആത്മഹത്യ ചെയ്ത അമ്മ ചെറുപ്പത്തിൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ കാര്യം മുമ്പ് ജെയ്ൻ വെളിപ്പെടുത്തിയിരുന്നു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ