'എന്‍റെ ഏറ്റവും നല്ല വേദനസംഹാരിയും സാന്ത്വനവും ഇന്ന് അവനാണ്'

 
Published : Jul 21, 2018, 11:49 AM ISTUpdated : Jul 21, 2018, 11:51 AM IST
'എന്‍റെ ഏറ്റവും നല്ല വേദനസംഹാരിയും സാന്ത്വനവും ഇന്ന് അവനാണ്'

Synopsis

എന്‍റെ ഏറ്റവും നല്ല വേദനസംഹാരിയും സാന്ത്വനവും ഇന്ന് അവനാണ്

ർബുദരോഗത്തെ സധൈര്യം നേരിടുകയാണ് നടി സോണാലി ബേന്ദ്രെ. ഇസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന കുറിപ്പുകൾ വായിച്ച് നിരവധി പേരാണ് സോണാലിക്ക് പിന്തുണയറിയിക്കുന്നത്. അതിനിടെ, മകനെ കുറിച്ച് സോണാലി എഴുതിയ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ആളെക്കൊല്ലി അസുഖബാധിതയാണ് താനെന്ന് പൊടുന്നനെ അറിയേണ്ടി വരുന്നത് ആരേയും തളർത്തും. മാനസികമായുള്ള കരുത്താണ് ഏത് ചികിത്സക്കും ആദ്യം വേണ്ട മരുന്ന്. അർബുദബാധിതയാണ് എന്ന് ഞെട്ടിക്കുന്ന അറിവ് ലോകത്തോട് സോണാലി ബാന്ദ്രെ പങ്കുവെച്ചത് സ്വന്തം ഇൻസ്റ്റഗ്രാമിലൂടെയാണ്. വളരെ വൈകാരികമായിരുന്നു ആ കുറിപ്പ്. 

കീമോക്ക് തയ്യാറാകാനായി മുടിമുറിച്ച ചിത്രവും സോണാലി പങ്കുവെച്ചിരുന്നു. ധീരയായി അസുഖത്തെ നേരിടാനൊരുങ്ങുമ്പോഴും മകനോട് ഇക്കാര്യം എങ്ങനെ പറയും എന്നാലോചിച്ച് വിഷമിച്ചിരുന്നുവെന്നും കാര്യങ്ങളെ വിചാരിച്ചതിലും പക്വതയോടെ കൈകാര്യം ചെയ്ത് മകൻ തനിക്കെത്ര വലിയ പിന്തുണയാണ് നൽകുന്നതെന്നും സോണാലി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ എഴുതി.

പന്ത്രണ്ട് വർഷവും പതിനൊന്നുമാസവും എട്ട് ദിവസവും മുൻപ്, അവൻ ജനിച്ച നിമിഷം മുതൽ എന്‍റെ ഹൃദയം അവന്‍റേതായിരുന്നു. രൺവീറിന്‍റെ സന്തോഷവും നന്മയും സ്വപ്നങ്ങളും മാത്രമായിരുന്നു ഞാനും ഗോൾഡിയും ചെയ്യുന്ന എല്ലാത്തിനേയും നിശ്ചയിച്ചിരുന്നതും നയിച്ചിരുന്നതും. പെട്ടെന്ന് അസുഖബാധിതയാണ് എന്നറിഞ്ഞപ്പോൾ രോഗത്തിന്‍റെ തീവ്രതയേക്കാൾ എന്നെ ആശങ്കപ്പെടുത്തിയത് ഞാനിത് എങ്ങനെ എന്‍റെ കുഞ്ഞിനോട് പറയും എന്നതായിരുന്നു. അവനെ വിഷമിപ്പിക്കരുത് എന്നതിനൊപ്പം തന്നെ പ്രധാനമായിരുന്നു അവനോട് ഒന്നും ഒളിക്കരുത് എന്നതും. 

പ്രത്യേകിച്ചും അതുവരെ ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ. അവനാവിവരം വളരെ പക്വതയോടെ കേട്ടു. തൊട്ടടുത്ത നിമിഷം മുതൽ അവനായി എന്‍റെ നട്ടെല്ല്. എന്‍റെ പിന്തുണ. എനിക്കുള്ള ഊർജ്ജം. ഇപ്പോ ചില അവസരങ്ങളിൽ അവൻ എന്‍റെ രക്ഷകർത്താവും ആകുന്നു. എന്തൊക്കെ ചെയ്യണം, മറക്കരുത് എന്നൊക്കെ ഓർമ്മപ്പെടുത്തുന്നു. കുഞ്ഞുങ്ങളോട് ഇത്തരം കാര്യങ്ങൾ മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. 

നമ്മൾ വിചാരിക്കുന്നതിനേക്കാളും യാഥാർത്ഥ്യബോധവും ധൈര്യവും ഉണ്ടവർക്ക്. അവരെ ഒരു മൂലക്കിരുത്തി കാര്യങ്ങൾ രഹസ്യമായി ചെയ്യുന്നതിൽ ഒരു കാര്വുവുമില്ല. എന്തോ തകരാറുണ്ടെന്ന് അവർക്ക് പെട്ടെന്ന് മനസിലാകും. അവധിക്കാലമായതു കൊണ്ട് രൺവീർ ഇപ്പോൾ എന്‍റെ കൂടെത്തന്നെയുണ്ട്. ഞങ്ങൾ പരസ്പരം താങ്ങായി നിൽക്കുന്നു. എന്‍റെ ഏറ്റവും നല്ല വേദനസംഹാരിയും സാന്ത്വനവും അവനാണ്. വേദനയുടെ ഇരുട്ടിൽ എനിക്ക് കിട്ടുന്ന തെളിച്ചമേറെയുള്ള സൂര്യപ്രകാശം.

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പെട്ടെന്ന് പകരുന്ന മെറ്റാ സ്റ്റാറ്റിക് ക്യാൻസറിൽ അമേരിക്കയിൽ ചികിത്സയിലാണ് സോണാലി. നിർമാതാവായ ഭർത്താവ് ഗോൾഡി ബെഹ് ലും അടുത്ത കുടുംബാഗങ്ങളും സോണാലിക്കൊപ്പമുണ്ട്. ഒപ്പം സുഹൃത്തുക്കളുടെ ആശംസകളും പ്രാർത്ഥനകളും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്
'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്