
തിരുവനന്തപുരം: അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടി ഉർവശി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം ഉര്‍വശിയെ തേടിയെത്തിയിരിക്കുന്നത്. ഈ സിനിമക്ക് വേണ്ടി തന്നെ കാത്തിരുന്ന ഉള്ളൊഴുക്ക് സംവിധായകന്‍ ക്രിസ്റ്റോക്ക് സമർപ്പിക്കുന്നു എന്നാണ് ഉർവശിയുടെ ആദ്യപ്രതികരണം. എല്ലാ അവാർഡും സന്തോഷം തരുന്നവയാണെന്നും ഉർവശി പറഞ്ഞു.
''നിരവധി പേർ വിളിച്ചു. എല്ലാവരോടും സന്തോഷം. അഭിനയിക്കുമ്പോൾ അവാർഡ് നമ്മുടെ മുന്നിൽ വരാറില്ല. ഡയറക്ടർ ഓകെ പറയുന്നതാണ് ആദ്യത്തെ അവാർഡ്. ഓരോ അഭിനന്ദനങ്ങളും ഓരോ പുരസ്കാരങ്ങളാണ്. സിനിമ കണ്ട പ്രേക്ഷകർ ഓരോ തവണ നല്ല അഭിപ്രായം പറയുമ്പോഴും അതൊരു പുരസ്കാരമായിട്ടാണ് ഞാൻ ഹൃദയപൂർവം സ്വീകരിക്കുന്നത്. സർക്കാർ തലത്തിലെ അംഗീകാരത്തിലും വളരെ സന്തോഷം. ആറാമത്തെ സംസ്ഥാന അവാർഡാണിത്. ഉള്ളൊഴുക്കിൽ പാർവതി ഓപ്പോസിറ്റ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞത്. പാർവതിയും മികച്ച പ്രകടനം തന്നെയായിരുന്നു.'' ഉർവശി പറഞ്ഞു.
''ഒത്തിരി കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. കരയാതെ കരയുന്നതാണ് ഏറ്റവും പ്രയാസമെന്ന് ഇപ്പോൾ മനസ്സിലായി. എനിക്കുവേണ്ടി കാത്തിരുന്ന്, ക്രിസ്റ്റോ ഓരോ വർഷം വിളിക്കുമ്പോഴും ഞാൻ ചെലപ്പോഴൊക്കെ ചൂടായിട്ടൊക്കെയുണ്ട്. ക്രിസ്റ്റോ, വെരി സോറി ക്രിസ്റ്റോ'' ഈ പുരസ്കാരം ശരിക്കും ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണെന്നും ഉർവശി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ