'കസബയ്ക്ക് ശേഷം കിട്ടിയത് ഒരേയൊരു സിനിമ'; പാര്‍വ്വതി പറയുന്നു

By Web TeamFirst Published Nov 3, 2018, 8:28 PM IST
Highlights

'ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്.'

മമ്മൂട്ടി നായകനായ 2016 ചിത്രം 'കസബ'യ്ക്ക് ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു സിനിമയിലെ അവസരമെന്ന് പാര്‍വ്വതി. അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങള്‍ 'കസബ' വിവാദത്തിന് മുന്‍പ് എത്തിയതാണെന്നും പാര്‍വ്വതി. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍.

"കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്." മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച് പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും പാര്‍വ്വതി പറയുന്നു.

"അതിനാല്‍ത്തന്നെ ഇതേക്കുറിച്ച് ഞാന്‍ നിശബ്ദത പാലിക്കില്ല. ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. 'നോ' പറയാന്‍ നിങ്ങള്‍ ഒരു തീരുമാനമെടുക്കുകയാണ്. പക്ഷേ 'നോ' പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുകയും 'യെസ്' പറഞ്ഞാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുകയും ചെയ്യും. ഇപ്പോഴത്തെ (ഡബ്ല്യുസിസി) സന്ദര്‍ഭത്തെയും ഇങ്ങനെ തന്നെ വായിക്കാം. അതായത്, ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാല്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ഒരുക്കമാണോ എന്നാണ് ഇപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് 'അതെ' എന്നാണ് എന്റെ മനസ് പറയുന്ന മറുപടി."

"എനിക്കും റിമയ്ക്കും രമ്യ (നമ്പീശന്‍)യ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല." അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യുസിസിയുമായി ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് നടിമാരുടെയും കാര്യം അങ്ങനെതന്നെയാണെന്നും പറയുന്നു പാര്‍വ്വതി. 

click me!