Latest Videos

വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കാൻ ആഷും,അഭിയും

First Published Jul 31, 2018, 4:50 PM IST
Highlights

സർവേഷ് മേവാറ സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തിലൂടെയാണ് അഭി-ആഷ് ദമ്പതികൾ വീണ്ടും ഒന്നിക്കുന്നത്.‌‌‌ അനുരാഗ് കശ്യപാണ് ചിത്രം നിർമ്മിക്കുന്നത്. 

മുംബൈ: ജീവിതത്തിൽ നായികയും നായകനുമായി ഒന്നിച്ച ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും വെള്ളിത്തിരയിൽ 
വീണ്ടും ഒരുമിക്കുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒരുമിച്ചെത്തുന്നത്. സർവേഷ് മേവാറ സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തിലൂടെയാണ് അഭി-ആഷ് ദമ്പതികൾ വീണ്ടും ഒന്നിക്കുന്നത്.‌‌‌ അനുരാഗ് കശ്യപാണ് ചിത്രം നിർമ്മിക്കുന്നത്. 

എബിയും (അഭിഷേക് ബച്ചനും) ഞാനും ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ‘മന്‍മര്‍സിയാ’ എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ അഭിയോട് ആവശ്യപ്പെട്ടിരുന്നതായും ഐശ്വര്യ റായ് പറഞ്ഞു. ഐശ്വര്യയും അനിൽ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫന്നെ ഖാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.   

 “ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ‘മന്‍മര്‍സിയാ’ ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ്‌ ‘ഗുലാബ് ജാമുനെ’ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായതും ഞങ്ങള്‍ക്ക് അനുയോജ്യമായതുമായ ഒരു തിരക്കഥയാണത്.”-ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.

 മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. ധൂം 2, ഉമ്രാവോ ജാൻ, സർകാർ രാജ്, കുച്ച് നാ കഹോ. ഗുരു തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2007ലാണ് ഇരുവരും വിവാഹിതരായത്. 

ഐശ്വര്യ റായ്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഫന്നെ ഖാൻ’ എന്ന ചിത്രം സിനിമ റിലീസിന് ഒരുങ്ങുകയാണ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. അതുല്‍ മഞ്ജറെക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനില്‍ കപൂര്‍, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.17 വർഷങ്ങൾക്കു ശേഷം അനിൽ കപൂറും ഐശ്വര്യയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓഗസ്റ്റ് മൂന്നിന് ചിത്രം പ്രദർശനത്തിനെത്തും.

 സജാദ് – ഫര്‍ഹാദ് സംവിധാനം ചെയ്ത ചിത്രം ഹൗസ് ഫുള്‍ 3യിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 2016നുശേഷം താരം സിനിമകൾ ചെയുന്നതിൽനിന്നും മാറി നിന്നു. പിന്നീട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിഷേക് തിരിച്ചെത്തിയത് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മന്‍മര്‍സിയാം’ എന്ന സിനിമയിലൂടെയാണ്.  ഗാംഗ്സ് ഓഫ് വസായ്പൂര്‍, ദേവ് ഡി, രമണ്‍ രാഘവ്, മുക്കാബാസ് തുടങ്ങി നിരവധി ബോക്സ് ഒാഫീസ് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് കശ്യപുമായി അഭിഷേക് കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തില്‍ അഭിഷേകിന്‍റെ നായിക എത്തുന്നത് തപ്സി പന്നു ആണ്.  

click me!