'മീ ടൂ'വില്‍ മൗനം വെടിഞ്ഞ് അമിതാഭ് ബച്ചന്‍; പ്രതികരണം പിറന്നാള്‍ ദിനത്തില്‍

By Web TeamFirst Published Oct 11, 2018, 6:59 PM IST
Highlights

''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍''

ബോളിവുഡില്‍ ഉയര്‍ന്ന മീ ടൂ ക്യാമ്പയിനോട് മൗനമായിരുന്നു നടന്‍ അമിതാബ് ബച്ചന്‍ കഴിഞ്ഞ ദിവസം വരെ നല്‍കിയ മറുപടി. തനുശ്രീ ദത്ത, നാനാപടേക്കറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളോട് അമിതാബ് ബച്ചന്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ജന്മ ദിനമായ ഇന്ന് ബച്ചന്‍ മീ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം'' അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ൽ നല്‍കണമെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. 

ബച്ചന്‍റെ മൗനത്തില്‍ തനിക്ക് വിഷമമുണ്ടെന്ന് തനുശ്രീ നേരത്തേ പറഞ്ഞിരുന്നു. തനു ശ്രീയ്ക്ക് പിന്നാലെ മറ്റ് നടിമാരും മാധ്യമ പ്രവര്‍ത്തകരും മീ റ്റൂ ക്യാമ്പയിന്‍റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെയാണ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.  ഏഴ് പേരാണ് എം ജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബ് തുറന്നെഴുതി. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി'  ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ്  വെളിപ്പെടുത്തിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. 

ഇതിനുപുറമെ കായിക മേഖലയില്‍ നിന്ന് ജ്വാല ഗുട്ടയും മി റ്റു വെളിപ്പെടുത്തലവ്‍ നടത്തി. ട്വിറ്ററിലൂടെയാണ് തനിക്ക് നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് ജ്വാല തുറന്ന് പറഞ്ഞിരിക്കുന്നത്. ബാഡ്മിന്റണ്‍ രംഗത്ത് നിന്ന് തന്നെയാണ് താരത്തിന് മാനഹാനിയുണ്ടായത്. കായികരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണത്തെ കുറിച്ചാണ് ജ്വാല പറഞ്ഞത്. എന്നാല്‍ വ്യക്തിയെ കുറിച്ച് ജ്വാല വ്യക്തമാക്കിയിട്ടില്ല. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതല്‍ താന്‍ ഈ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും ജ്വാല വ്യക്തമാക്കി. ബാഡ്മിന്റണില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇത് തന്നെ കാരണമെന്നും താരം പറഞ്ഞു. 

മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗക്കെതിരെയും ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. താനും വര്‍ഷങ്ങള്‍ക്ക് മുന്പ് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാനെത്തിയപ്പോള്‍ മലിങ്ക തന്നെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ ആരോപണം ഗായിക ചിന്‍മയി ശ്രീപാദയാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. പേര് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് യുവതിയുടെ പോസ്റ്റ്. 

click me!