ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാര വനിതയാണെന്ന് വെളിപ്പെടുത്തല്‍

By Web DeskFirst Published Oct 10, 2017, 9:37 AM IST
Highlights

ന്യൂയോര്‍ക്ക്: ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി യഥാര്‍ത്ഥ ജീവിതത്തില്‍ ചാരസുന്ദരിയുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ടിട്ടുള്ള ആഞ്ജലീന യഥാര്‍ത്ഥത്തില്‍ ചാരസംഘത്തിന്റെ ഭാഗമായിരുന്നെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുള്ള സംഘത്തില്‍ ആഞ്ജലീന അംഗമായിരുന്നെന്നാണ് സൂചന. 

രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ മെയിലുകള്‍ ചോര്‍ത്തി ഫ്രഞ്ച് മാധ്യമം പുറത്തു വിട്ടതാണ് വിവരങ്ങള്‍. എന്നാല്‍ പദ്ധതി എന്തുകൊണ്ടോ പാതിവഴിയില്‍ മുടങ്ങി. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനുമായിട്ടില്ല. രാജ്യാന്തര കോടതിയുടെ മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മോറെനോ ഒകാംപോയാണ് കോണിയെ ഒളിയിടത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ആഞ്ജലീന ജോളിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുറ്റവാളിയെ പിടികൂടാന്‍ തന്റെ സേവനം നല്‍കാന്‍ ആഞ്ജലീന തയ്യാറായിരുന്നു. ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും ഇതിന് തയ്യാറായിരുന്നു. അന്നിവര്‍ വിവാഹ മോചിതരായിരുന്നില്ല. 

ആഞ്ജലീന, ബ്രാഡ് പിറ്റ്, യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനീകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഒരു അത്താഴ വിരുന്നിന് കോണിയെ ക്ഷണിച്ച് അവിടെ വെച്ച് പിടികൂടാമെന്ന ആശയം ആഞ്ജലീന തയ്യാറാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് പദ്ധതികള്‍ നടക്കാതെ പോയി എന്ന് വ്യക്തമല്ല. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ആഞ്ജലീനയും ബ്രാഡും തയ്യാറായിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍എച്ച്‌സിആറിന്റെ പ്രത്യേക ദൗത്യവാഹക കൂടിയാണ് ആഞ്ജലീന.

2010ല്‍ ഒരു അഭിമുഖത്തിനിടെ ഒറ്റയ്‌ക്കൊരു മുറിയില്‍ കിട്ടിയാല്‍ കോണിയെപ്പോലുള്ള ചില ആളുകളെ പിടികൂടിയാല്‍ കൊള്ളാമെന്ന് ആഞ്ജലീന പറഞ്ഞിരുന്നു. ആക്ഷന്‍ നായികയായ ആഞ്ജലീനയുടെ ഒരു സിനിമാ സ്വപ്നമായേ അതിനെ ആരാധകര്‍ അതിനെ കണ്ടുള്ളൂ. 2012ലെ ഒരു അഭിമുഖത്തില്‍ ക്രൂരനാണ് കോണിയെന്ന് ആഞ്ജലീന പറഞ്ഞിരുന്നു. 

ഉഗാണ്ടയിലെ ഗറില്ലാ ഗ്രൂപ്പായ ലോര്‍ഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി എന്ന സംഘടനയുടെ തലവനാണ് കോണി. ഗറില്ലാ സൈന്യത്തിലേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് 2005ല്‍ യുദ്ധ കുറ്റവാളിയായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പിടികൂടാനായിട്ടില്ല.

click me!