
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. നേരത്തെ ആന്‍റോ ജോസഫ് ആണ് കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ഫോണില്‍ അവസാനം വിളിച്ചത് എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
കാക്കനാട് ചെല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൾസർ സുനിയെ വിളിച്ചതെന്തിനാണെന്നും ആന്റോ ജോസഫ് ഒരു പ്രമുഖ മധ്യമത്തോട് വെളിപ്പെടുത്തി.
ആദ്യം ലാല്‍ വിളിച്ചിരുന്നു, എന്നാല്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നീട് രൺജി പണിക്കർ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്നും പെട്ടെന്ന് ലാലിന്‍റെ വീട്ടിലേക്ക് എത്തണമെന്നും പറയുന്നത്. അങ്ങനെ ഞാൻ സ്ഥലം എംഎൽഎ പിടി തോമസിനെയും കൂട്ടി ലാലിന്‍റെ വീട്ടിലെത്തുകയായിരുന്നു.
അവിടെ മാർട്ടിന്‍ എന്ന ഡ്രൈവറും പൊലീസും ഉണ്ടായിരുന്നു. മാർട്ടിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പിടി തോമസ് എംഎൽഎയാണ് മാർട്ടിനിൽ നിന്നും പൾസർ സുനിയുടെ നമ്പർ മേടിക്കുന്നത്. അങ്ങനെ എന്റെ ഫോണിൽ നിന്ന് സുനിയെ വിളിച്ചു. ആദ്യ രണ്ടുതവണ വിളിച്ചപ്പോഴും എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ നമ്പറിൽ നിന്ന് തിരിച്ചുവിളിച്ച് ആരടാ എന്നുചോദിച്ചു. ഞാൻ ആന്റോയാടാ എന്നു പറഞ്ഞതും ഫോൺ കട്ട് ചെയ്യുകയായിരുന്നു. ആന്റോ ജോസഫ് പറയുന്നു.
അപ്പോള്‍ തന്നെ ഈ വിവരം പൊലീസിന് കൈമാറി. നമ്പർ ട്രെയ്സ് ചെയ്താല്‍ സുനി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാമെന്നും പറഞ്ഞു. വീണ്ടും വിളിച്ച് എസിപിക്കു ഫോൺ കൈമാറി. എന്നാൽ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.
ആ രാത്രി ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഇതുപോലൊരു അനുഭവം ഒരു അമ്മയ്ക്കോ മകൾക്കോ സഹോദരിക്കോ ഇനി ഉണ്ടാകരുതെന്നും ആന്റോ ജോസഫ് പറഞ്ഞു. അന്ന് രാത്രിയും പിറ്റേന്ന് വെളുപ്പിനുവരെയും കൂടെ ഉണ്ടായിരുന്നുവെന്നും ആയിരക്കണക്കിന് പൊലീസുകാരാണ് എല്ലാ പിന്തുണയോടെയും എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ