നോട്ട് നിരോധനം: മോഹന്‍ലാലിനു പിന്നാലെ വിമര്‍ശനം എറ്റുവാങ്ങി അനുപം ഖേര്‍

By Web DeskFirst Published Nov 26, 2016, 2:13 AM IST
Highlights

നോട്ട് നിരോധനത്തെ ന്യായീകരിച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിനുശേഷം നടന്ന സംഭവങ്ങളുമെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നു. മദ്യഷോപ്പിനു മുന്നിലും സിനിമാ ശാലകള്‍ക്കു മുന്നിലും ആരാധനാലയങ്ങള്‍ക്കു മുന്നിലും ക്യൂൂ നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതിന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് തന്റെ അഭിപ്രായമെന്നുമായിരുന്നു മോഹന്‍ലാല്‍ എഴുതിയത്. മോഹന്‍ലാലിനെതിരെ പ്രമുഖരടക്കം ഫേസ്ബുക്കിലും പുറത്തും രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. ഇപ്പോഴിതാ നോട്ട് നിരോധനവിഷയുവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ അനൂപ് ഖേറും സോഷ്യല്‍ മീഡിയല്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

നോട്ട് നിരോധനത്തില്‍ തന്റെ അഭിപ്രായം വിശദമായി എഴുതിയപ്പോഴാണ് മോഹന്‍ലാല്‍ വിവാദത്തില്‍ പെട്ടതെങ്കില്‍  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ട്രോളാന്‍ ശ്രമിച്ചതാണ് അനുപം ഖേറിന് വിനയായത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗത്തെ ട്വിറ്ററില്‍ അനുപം ഖേര്‍ ട്രോളാന്‍ ശ്രമിക്കുകയാണ് ചെയ്‍തത്. നോട്ട് നിരോധനത്തെ നിയമവിധേയമായ കൊള്ള എന്നായിരുന്നു മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ പരിഹസിച്ചത്. നോട്ട് നിരോധനത്തോടുള്ള വിയോജിപ്പ് ഡോ. മന്‍മോഹന്‍സിംഗ് അക്കമിട്ടു നിരത്തുകയും ചെയ്‍തിരുന്നു. പൊതുവെ മിണ്ടാറില്ല എന്ന് ആരോപണം കേട്ടിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യസഭയിലെ പ്രസംഗം വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. എന്നാല്‍ ഡോ. മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ സൈഡ് ഇഫക്റ്റ്: മന്‍മോഹന്‍ സിംഗ് ഇന്ന് പത്ത് മിനിറ്റ് സംസാരിച്ചു. ജയ് ഹോ. എന്നായിരുന്നു അനുപം ഖേറിന്റെ ട്രോള്‍. ഇതിനെതിരെ ആഞ്ഞടിച്ച് ട്വിറ്റര്‍ യൂസര്‍മാര്‍ രംഗത്തെത്തി. മൂന്നാംകിട നടന്‍മാര്‍ മാത്രമേ ഇത്തരം ചീപ്പ് കമന്റുകള്‍ പറയാറുള്ളൂവെന്നാണ് കമന്റ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിങ്ങള്‍ എത്രദിവസം മുമ്പ് അറിഞ്ഞിരുന്നുവെന്ന ചോദ്യവും ട്വിറ്റര്‍ യൂസര്‍മാര്‍ അനുപം ഖേറിനോട് ചോദിക്കുന്നു. നേരത്തെ നോട്ട് നിരോധനത്തെ അനുകൂലിച്ച് അനുപം ഖേര്‍ രംഗത്തെത്തിയിരുന്നു.
 

click me!