വിജയ് സേതുപതിയെ ആഘോഷിക്കാം, 'ഒരു കഥ സൊല്ലട്ടുമാ'!

By Web DeskFirst Published Jul 30, 2017, 4:05 PM IST
Highlights

സ്വാഭാവിക അഭിനയത്തിന്റെ പൂർണതയിൽ, പ്രേക്ഷകന് ഇഷ്‍ടമല്ലാതെ മറ്റെന്തു തോന്നാൻ ആ നടനോട്  'വിക്രം വേദ' തിയേറ്ററുകയിൽ നിറഞ്ഞോടുമ്പോൾ പുതിയൊരു നടനെ സ്വന്തമാക്കിയതിന്റെ ആവേശമുണ്ട് സിനിമ പ്രേമികൾക്ക്- സുധീഷ് പയ്യന്നൂര്‍ എഴുതുന്നു

ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ തമിഴ് സിനിമയുടെ ജനകീയ മുഖം എന്നത് അടിയും ഇടിയും പാട്ടുകളും നിറഞ്ഞ ആഘോഷമായിരുന്നു. മലയാളത്തിൽ കണ്ടതിനേക്കാൾ ഏറെ അമാനുഷിക കഥാപാത്രങ്ങളെ കണ്ടു കൈയ്യടിച്ചും ആർപ്പു വിളിച്ചും ആ താരങ്ങളെയും കൂടെ കൂട്ടി. തിയേറ്റർ കാഴ്ചകളിൽ സജീവം ആയില്ലെങ്കിലും മാറ്റത്തിന്റെ ചുക്കാൻ പിടിച്ചു സംവിധായകർ ഏറെ വന്നു തമിഴിൽ. മലയാളി പ്രേക്ഷകർ തന്നെ പറഞ്ഞു തുടങ്ങി, തമിഴ് സിനിമയിൽ കിടിലൻ പരീക്ഷണങ്ങൾ നടക്കുന്നു എന്ന്. അവയിൽ പലതും ചെറിയ സിനിമകൾ ആയതിനാൽ തന്നെ തിയേറ്റർ കാഴ്ചകളിൽ അവയില്‍ അധികമൊന്നും കേരളത്തിൽ എത്തിയിട്ടും ഇല്ല. എങ്കിലും സോഷ്യൽ മീഡിയ വഴിയും ടോറന്റ് വഴിയും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മുന്നിൽ അവയും എത്തി. താരകേന്ദ്രീകൃത സിനിമ സങ്കൽപ്പങ്ങളെ മാറ്റിയെഴുതി നവ ശൈലികൾ സജീവമായ കാലത്തിനു ഒരു ഇടവേള വന്നതിനു ശേഷം, തമിഴിലെ പുതിയ കാഴ്ചകളിലെ പ്രധാന നടൻ തന്നെയാണ് വിജയ് സേതുപതി.

സ്വാഭാവിക അഭിനയത്തിന്റെ പൂർണതയിൽ, പ്രേക്ഷകന് ഇഷ്‍ടമല്ലാതെ മറ്റെന്തു തോന്നാൻ ആ നടനോട്  'വിക്രം വേദ' തിയേറ്ററുകയിൽ നിറഞ്ഞോടുമ്പോൾ പുതിയൊരു നടനെ സ്വന്തമാക്കിയതിന്റെ ആവേശമുണ്ട് സിനിമ പ്രേമികൾക്ക്. കാഴ്ചയിൽ പലരും വിജയ് സേതുപതിയെ കണ്ടത് ഇപ്പോഴാണ്.  മറ്റു പലർക്കും തന്റെ പ്രിയ നടനെ മറ്റുള്ളവർ കൂടെ ആഘോഷിക്കുന്നതിന്റെ സന്തോഷമാണ്. തുടക്കത്തിൽ തന്നെ ഇത്രത്തോളം ശ്രദ്ധിക്കപ്പെട്ടതും പിന്നീട് തിയേറ്ററിൽ ആഘോഷമായതും. ഒരു കഥ സൊല്ലട്ടുമാ എന്ന വിജയ് സേതുപതിയുടെ ഡയലോഗ് ആണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചുണ്ടുകളില്‍. നവാസുദ്ധീന് സിദ്ദിഖിയും മനോജ് ബാജ്പേയിയും ഇർഫാൻ ഖാനും ഫഹദും ഒക്കെ സിനിമ പ്രേമികൾക്കിടയിൽ തീർത്ത സാമ്രാജ്യത്തിന്റെ പ്രധാന കണ്ണി തന്നെയാണ് വിജയ് സേതുപതിയും. നടനെ വിശ്വസിച്ചും ടിക്കറ്റെടുക്കാം എന്ന് ഉറപ്പിച്ചിട്ടുണ്ട് വളർച്ചയുടെ ഓരോ ഘട്ടത്തിലും വിജയ് സേതുപതി. പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ശബ്‍ദവും നിറവും കൊണ്ട് ആഘോഷമാക്കുന്ന സ്ക്രീനുകൾ അല്ല വേണ്ടതെന്നും ജീവിതം നിറയുന്ന കഥാപാത്രങ്ങളെ ആണെന്നും തെളിയിച്ചു തന്നെയാണ് വിജയ് സേതുപതി നടന്നു കയറിയത്. മാധവനും പ്രധാന കഥാപാത്രം ആയതു കൊണ്ടാകാം 'വിക്രം വേദ' ഇത്രത്തോളം ശ്രദ്ധിക്കപ്പെട്ടതും പിന്നീട് തീയേറ്ററില്‍ ആഘോഷമായതും.

ഇത്രയും കാലത്തെ അഭിനയ ജീവിതത്തിനിടയിൽ ഒരുപാട് വഴികളിലൂടെ കടന്നു പോയിട്ടുണ്ട് ഈ നടനും. പ്രാരാബ്‍ധങ്ങൾക്കിടയിൽ നിന്നു വളർന്നു വന്നപ്പോൾ തന്നെ ആ വഴി മറക്കുന്നില്ല എന്ന് ഇന്നത്തെ വിജയ് സേതുപതി അടയാളപ്പെടുത്തുന്നു ഉണ്ട്. സീനു രാമസ്വാമിയുടെ തേന്‍മര്‍ക്ക് പരുവക്കാറ്റ്ര് എന്ന സിനിമയാണ് വിജയ് സേതുപതിക്ക് സിനിമ ജീവിതത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ വിജയ് സേതുപതി നായകനായി കേരളത്തിലും ചിത്രങ്ങൾ വരികയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. നയൻതാരയോടൊപ്പം വന്ന 'നാനും റൗഡി താൻ',  'ധർമധുരൈ', 'ആണ്ടവൻ  കട്ടളൈ', 'റെക്ക', 'കവൻ' ഇവയൊക്കെ ഒരേ സമയത്തു കേരളത്തിലും റിലീസ് ചെയ്തവയാണ്. വീര നായക സ്വഭാവം ഇല്ലാതെ ആടി തിമിർത്ത വേഷങ്ങൾക്കൊണ്ടു ഉജ്വലമാക്കിയ സിനിമകൾ ഉണ്ട് വിജയ് സേതുപതിക്ക്. വിക്രം വേദയ്ക്ക് മുന്നേ ഇറങ്ങിയതിൽ വിജയ് സേതുപതിയുടെ മികച്ച അഞ്ചു സിനിമകൾ.

കാക്കമുട്ടൈ എന്ന ചിത്രത്തിന്റെ സംവിധായകൻ മണികണ്ഠൻ 2016 വിജയ് സേതുപതിയെ നായകനാക്കി ചെയ്ത ചിത്രമാണ് 'ആണ്ടവൻ കട്ടളൈ'. സമകാലീന സാഹചര്യത്തിൽ കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രം കഥ പറയുന്നുണ്ട്. കുറുക്കു വഴികളുടെ മുന്നോട്ടു പോകുമ്പോൾ സേതുപതിയുടെ 'ഗാന്ധി' ക്കും കള്ളം പറയേണ്ടി വരുന്നുണ്ട്. കാഴ്ചയിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു എന്റർടൈനർ ആവുന്ന സമയത്തു  തന്നെ കാമ്പുള്ള കാഴ്ചപ്പാടുകളും സിനിമ പറയുന്നുണ്ട്.

എസ് ജെ സൂര്യ, ബോബി സിംഹ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കിയ 'ഇരൈവി' തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്. പുരുഷ കേന്ദ്രീകൃത കഥയിൽ സ്‌ട്രെസ് പക്ഷേ സിനിമയായി അടയാളപ്പെടുത്തുന്നു ഇരൈവി. ജീവിതത്തോട് അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളെക്കൊണ്ടും സിനിമ ആകർഷകമാവും.

2014ല്‍ വിജയ് സേതുപതിയും ജയപ്രകാശും പ്രധാന കഥാപാത്രങ്ങളായി വന്ന 'പന്നിയാരും പദ്മിനിയും' പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വച്ച സിനിമയാണ്. ലളിതമായ  കഥാ പറച്ചിലിലൂടെയും  നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെയും മനസ് നിറയ്ക്കും ഈ ചിത്രം. എസ് യു അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്.

2103 ൽ  നളൻ കുമാരസാമി  സംവിധാനം ചെയ്ത 'സൂതു കവും' വിജയ് സേതുപതി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. നാല്‍തു വയസുള്ള ഒരു കിഡ്നാപ്പർ ആയ ദാസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരു കൂട്ടമായി വന്നു പ്രേക്ഷകനെ വീണ്ടും വീണ്ടും ചിരിപ്പിക്കുന്നുണ്ട് സിനിമ. ഒരുപാട് അഭിനന്ദങ്ങൾ ഏറ്റു വാങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്.

2012 ഇത് ബാലാജി തരണീധരൻ സംവിധാനം ചെയ്ത 'നാടുവില കൊഞ്ചം പാക്കാത  കാണോം' പ്രേക്ഷകർ ചിരിച്ചു ആഘോഷിച്ച സിനിമയാണ്. കേവലം വളരെ കുറച്ചു സംഭാഷണങ്ങൾ, അത് സിനിമയിൽ ഏറെ സമയത്തും ഒന്ന് തന്നെ, എന്നിട്ടും ഓരോ തവണയും തന്റെ പ്രകടനം കൊണ്ട് കയ്യടി മേടിക്കുന്നുണ്ട് വിജയ് സേതുപതിയുടെ പ്രേം കുമാർ. ഒരു ക്ളീൻ എന്റർടൈനർ എന്ന നിലയിൽ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന സിനിമ. 'മെഡുല ഒബ്ലാം കട്ട' എന്ന പേരിൽ ഈ സിനിമ മലയാളത്തിൽ റീമേക്ക് ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മുകളിൽ പറഞ്ഞവ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയതാണെങ്കിൽ ഇവയോട് മത്സരിക്കാൻ തന്നെ  വിജയ് സേതുപതിയുടെ മറ്റു ചിത്രങ്ങൾ ഉണ്ട്. പിസ, ഇതർക്കു താനെ ആശപ്പെട്ട ബാലകുമാര, ഓറഞ്ചു മിട്ടായി ഇവയിലൊക്കെ മികച്ച പ്രകടനം കൊണ്ട് അടയാളപ്പെടുത്തിയപ്പോൾ കാതലും കടന്തു പോകും, കവൻ, ധർമദുരൈ എന്നിവയൊക്കെ വിജയ ചിത്രങ്ങളായി മാറിയവയും ആണ്.

വലിയ ബഡ്ജറ്റും കാര്യങ്ങളും ഇല്ലാതെ തന്നെ പ്രേക്ഷകർക്ക് നല്ലൊരു സിനിമ കൊടുക്കാൻ പറ്റും എന്ന് കരുതുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ നടൻ തന്നെയാണ് വിജയ് സേതുപതി എന്ന് കാലം തെളിയിക്കുന്നുണ്ട്. പുതിയ ചിത്രത്തിൽ ഫഹദിനൊപ്പം എന്നത് തന്നെയാണ് വലിയ പ്രതീക്ഷയും. നടനെ പ്രതീക്ഷിച്ചു ടിക്കടുക്കുമ്പോ, ആദ്യം ഓർക്കുന്ന പേര് തന്നെയാണ് വിജയ് സേതുപതി എന്നത്  പ്രേക്ഷകർക്കിടയിൽ സംഭവിച്ച ചരിത്രമാകുന്നു.

click me!