ആ സിനിമ നശിപ്പിച്ചത് അവരാണ്; അസിഫ് അലിക്കും റിമ കല്ലിങ്കലിനുമെതിരെ എം എ നിഷാദ്

By എല്‍സ ട്രീസ ജോസ്First Published Apr 2, 2018, 12:44 PM IST
Highlights
  • അവരെ ആ വേഷങ്ങള്‍ക്കായി തിരഞ്ഞെടുത്തത് എന്റെ തെറ്റ്
  • ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ അസിഫ് അലി ചിത്രത്തിനെതിരായി വന്നത് ആത്മാര്‍ത്ഥതയില്ലാത്ത് കൊണ്ട്
  • ഡേറ്റിനായി ആരുടേയും പിന്നാലെ നടക്കാറില്ല

ആസിഫും റിമയും അഭിനയം പഠിക്കാനാണ് ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം ഉപയോഗിച്ചതെന്ന് സംവിധായകന്‍ എംഎ നിഷാദ്. യുവതാരങ്ങള്‍ക്ക് തമാശ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. അവരെ ആ വേഷങ്ങള്‍ക്കായി തിരഞ്ഞെടുത്തത് എന്റെ തെറ്റാണ് ചിത്രം മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിരുന്നു പക്ഷേ നിര്‍മാതാവിന്റെ നിര്‍ബന്ധം മൂലമാണ് ചിത്രം ചെയ്തതെന്ന് എം എ നിഷാദ് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു. 


യുവതാരങ്ങള്‍ക്ക് എതിരായ പ്രസ്താവനയില്‍ പ്രതികരണമെന്താണ്?

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. മോശം സ്ക്രിപ്റ്റ് ആയതു കൊണ്ടല്ല ആ ചിത്രം പരാജയപ്പെട്ടത്. ഷൂട്ടിങ് തുടങ്ങി കുറച്ച് ദിവസം പിന്നിട്ടതോടെ മനസിലായതായിരുന്നു അവര്‍ ആ വേഷത്തിന് യോജിക്കുന്നില്ലെന്ന് പക്ഷേ പടവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്റെ മാത്രം തെറ്റാണ്. അഭിനയിക്കാന്‍ അറിയുന്നവരാണോ അവരെന്നത് ഞാന്‍ ആദ്യം ശ്രദ്ധിക്കേണ്ടതായിരുന്നു.

സിനിമ പരാജയപ്പെടുന്നത് എങ്ങനെയാണ് അഭിനേതാക്കളുടെ തലയില്‍ ആവുക, അതില്‍ സ്ക്രിപ്റ്റിന് പ്രാധാന്യം ഇല്ലേ?


ജയിക്കുന്ന സിനിമകള്‍ അഭിനേതാക്കളുടെ മികവും പരാജയപ്പെടുന്നത് സംവിധായകന്റെ കുറവുമായാണ് സാധാരണ ഇവിടെ കണക്കാക്കുന്നത്. എന്നാല്‍ ബെസ്റ്റ് ഓഫ് ലക്കിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. വൈരം പോലെ സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ചെയ്തതിന് ശേഷമാണ് ബെസ്റ്റ് ഓഫ് ലക്ക് എന്ന കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ആ ചിത്രം ചിലര്‍ക്ക് ഒരു അഭിനയ കളരി മാത്രമായിരുന്നു. പ്രഭുവും ഉര്‍വ്വശിയും പോലെ തമാശ എളുപ്പം കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കൊപ്പം പിടിച്ചി നില്‍ക്കാന്‍ ആവാതെ പാടുപെടുകയായിരുന്നു ആസിഫ് അലിയും റിമ കല്ലിങ്കലും അര്‍ച്ചന കവിയും കൈലാഷും. ചുരുക്കി പറഞ്ഞാല്‍ അഭിനയം അറിയാത്ത നാലു താരങ്ങള്‍ എന്റെ സിനിമയെ ഇല്ലാതാക്കി. 

അണിയറക്കാരെ ആശങ്കയിലാക്കുന്ന രീതിയില്‍ മോശമായിരുന്നോ അവരുടെ അഭിനയം?


ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു പാട്ട് സീന്‍ പോലും വൃത്തിയായി കൈകാര്യം ചെയ്യാന്‍ ഇവരെക്കൊണ്ട് സാധിച്ചില്ല. അത് അണിയറക്കാര്‍ക്ക് നേരിയ ആശങ്ക നല്‍കുന്നത് ആയിരുന്നു. പക്ഷേ നിര്‍മാതാവിന്റെ നിലപാട് ആയിരുന്നു ഷൂട്ടിങ് തുടങ്ങിയതല്ലേ ഇവരെ വച്ച് തന്നെ ചെയ്ത് തീര്‍ക്കണമെന്ന്. 

ആസിഫ് അലിയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ?


2010ലാണ് ബെസ്റ്റ് ഓഫ് ലക്ക് എന്ന് ചിത്രം പുറത്ത് വരുന്നത്. അന്ന് ആസിഫ് അലി ആകെ ചെയ്തിട്ടുള്ളത് അപൂര്‍വ്വരാഗം എന്നൊരു ചിത്രമാണ്. ആസിഫ് ഈ ചിത്രത്തെ അഭിനയം പഠിക്കാനുള്ള അവസരമാക്കി മാറ്റി. 

ചിത്രം തിയ്യറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസിഫ് അലി സംവിധായകനെതിരെ പ്രതികരിച്ചിരുന്നതിനെക്കുറിച്ച്?


ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാര്‍ പോലും പരിഗണിക്കാതെയായിരുന്നു സിനിമ റിലീസ് ചെയ്ത ശേഷം താരങ്ങളുടെ പ്രതികരണം. ചിത്രം തിയ്യറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ആസിഫ് അലിയും റിമയും ചിത്രത്തിനെതിരെ രംഗത്ത് വന്നു. സംവിധായകനെതിരെ രൂക്ഷമായ പ്രതികരണമായിരുന്നു ആദ്യം വന്നത് ആസിഫ് അലിയായിരുന്നു. ചിത്രത്തോടുള്ള ആത്മാര്‍ത്ഥത അപ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കുമല്ലോ. 

ബെസ്റ്റ് ഓഫ് ലക്കിന്റെ മോശ പ്രതികരണം പിന്നീട് ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?


താരങ്ങളുടെ ചാന്‍സ് വാങ്ങി സിനിമ എഴുതുന്ന ആളല്ല ഞാന്‍. സ്ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം മാത്രമാണ് താരങ്ങളെ സമീപിക്കാറുള്ളത്. അല്ലാതെ ഡേറ്റിനായി താരങ്ങളുടെ പിന്നാലെ പോവാറില്ല. സിനിമയില്‍ മമ്മൂക്കയോടാണ് അടുപ്പം ഉള്ളത്. ആ അടുപ്പം കണക്കാക്കിയാണ് അദ്ദേഹം ബെസ്റ്റ് ഓഫ് ലക്കില്‍ ഗസ്റ്റ് റോളില്‍ എത്തിയത് പോലും. പിന്നെ എനിക്ക് അവസരം നിഷേധിക്കാന്‍ തക്ക വിധത്തില്‍ ആ താരങ്ങളൊന്നും ഇനിയും വളര്‍ന്നിട്ടില്ല. സിനിമ എനിക്ക് പാഷന്‍ മാത്രമാണ് അല്ലാതെ പ്രൊഫഷനല്ല. ജീവിയ്ക്കാന്‍ എനിക്ക് സിനിമ തന്നെയല്ല ഉള്ളത്. 

click me!