പികെ റെക്കോഡും തകര്‍ത്ത് ബാഹുബലി

By Web DeskFirst Published May 5, 2017, 4:09 AM IST
Highlights

ദില്ലി: ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എക്കാലത്തെയും വലിയ സാമ്പത്തികവിജയം നേടി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി 2'. വെറും ആറ് ദിവസങ്ങള്‍ മാത്രമെടുത്താണ് നിലവില്‍ ഈ റെക്കോര്‍ഡിനുടമയായിരുന്ന, ആമിര്‍ഖാന്‍ നായകനായ 'പികെ'യുടെ ആജീവനാന്ത കളക്ഷനെ 'ബാഹുബലി 2' മറികടന്നത്. 

പികെയുടെ ആജീവനാന്ത ആഗോള കളക്ഷന്‍ 743 കോടി ആയിരുന്നെങ്കില്‍ ഒരാഴ്ച തികയും മുന്‍പേ ലോകമെമ്പാടും റിലീസ് ചെയ്ത 6500 സ്‌ക്രീനുകളില്‍ നിന്ന് എണ്ണൂറ് കോടി കളക്ഷനോട് അടുക്കുകയാണ് ചിത്രം. ബോക്‌സ്ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം 792 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്.

തെലുങ്കിനൊപ്പം ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 375 കോടിയാണ് ആറ് ദിവസംകൊണ്ട് നേടിയത്. നാല് ഭാഷകളില്‍ നിന്നുമായി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ചിത്രം നേടിയത് 624 കോടിയാണ്. പ്രാദേശിക വിപണിയില്‍ നിന്ന് ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണ് 600 കോടി ഗ്രോസ് നേടുന്നത്.

 'ബാഹുബലി'യുടെ ആദ്യ പതിപ്പും ആമിര്‍ഖാന്റെ കഴിഞ്ഞചിത്രം 'ദംഗലും' മാത്രമാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഇതിനുമുന്‍പ് 500 കോടി ഗ്രോസ് നേടിയിട്ടുള്ളത്. ദംഗലിന്റെ ആജീവനാന്ത ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 718 കോടിയുമായിരുന്നു.

വിദേശ മാര്‍ക്കറ്റുകളില്‍നിന്ന് ചിത്രം ഇതുവരെ നേടിയത് ഏകദേശം 26 മില്യണ്‍ ഡോളറാണ് (168 കോടി രൂപ). പക്ഷേ വിദേശമാര്‍ക്കറ്റുകളിലെ കളക്ഷനില്‍ ഹിന്ദി ചിത്രങ്ങള്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. ആറാം സ്ഥാനത്താണ് ഇപ്പോള്‍ 'ബാഹുബലി 2'.

click me!