മിഠായിത്തെരുവിന്‍റെ ശബ്ദം ബാബുഭായി സിനിമയില്‍ പാടുന്നു

By Web TeamFirst Published Nov 17, 2018, 12:02 AM IST
Highlights

കഴിഞ്ഞ മുപ്പത് കൊല്ലമായി മിഠായിത്തെരുവിന്‍റെ വഴികളിൽ പാട്ട് പാടി നടന്ന ബാബുഭായ്  മലയാളിയുടെ ആകെ പ്രിയസ്വരമായി മാറുകയാണ്. നവാഗത സംവിധായകനായ രതീഷ് രഘുനന്ദന്‍റെ 'മിഠായിത്തെരുവിലൂടെ' തെരുവുവെളിച്ചത്തിൽ നിന്ന് സ്റ്റുഡിയോവിലെ ശീതികരണമുറിയിലേക്ക് വേദി മാറുമ്പോള്‍ പാട്ടുകാരൻ അൽപ്പം അമ്പരപ്പിലാണ്.

കോഴിക്കോട്: കോഴിക്കോട്ടെ തെരുവുഗായകൻ ബാബുഭായ് ആദ്യമായി സിനിമയിൽ പാടുന്നു. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിലാണ് ബാബുഭായി ഗായകനാകുന്നത്. പാട്ടിന്‍റെ റെക്കോ‍ർഡിംഗ് കൊച്ചിയിൽ നടന്നു. ബാബുരാജ് എന്ന ഇതിഹാസത്തിന് ശേഷം കോഴിക്കോട്ടുകാർ നെഞ്ചേറ്റിയ മറ്റൊരു തെരുവുഗായകനും അതേ പേരായിരുന്നു, ബാബു ശങ്കരനെന്ന കോഴിക്കോടിന്‍റെ സ്വന്തം ബാബു ഭായ്. ഹൽവ മണക്കുന്ന മിഠായിത്തെരുവിന്‍റെ വൈകുന്നേരങ്ങള്‍ക്ക് ഈണം ആയ പാട്ടുകാരനാണ് ബാബുഭായ്. 

ഗുജറാത്തിൽ തുടങ്ങി പല വഴി അലഞ്ഞ് ഒടുവിൽ പാട്ടിന്‍റെ സ്വന്തം നഗരത്തിൽ തന്നെ ബാബുഭായി എത്തപ്പെട്ടു. കഴിഞ്ഞ മുപ്പത് കൊല്ലമായി മിഠായിത്തെരുവിന്‍റെ വഴികളിൽ പാട്ട് പാടി നടന്ന ബാബുഭായ്  മലയാളിയുടെ ആകെ പ്രിയസ്വരമായി മാറുകയാണ്. നവാഗത സംവിധായകനായ രതീഷ് രഘുനന്ദന്‍റെ 'മിഠായിത്തെരുവിലൂടെ' തെരുവുവെളിച്ചത്തിൽ നിന്ന് സ്റ്റുഡിയോവിലെ ശീതികരണമുറിയിലേക്ക് വേദി മാറുമ്പോള്‍ പാട്ടുകാരൻ അൽപ്പം അമ്പരപ്പിലാണ്.

ബാബുഭായി ആയി തന്നെയാണ് ഗായകൻ വെള്ളിത്തിരയിൽ എത്തുന്നത്. ഒപ്പം ഭാര്യ ലതയും മകൾ കൗസല്യയുമുണ്ട്. മിഠായിത്തെരുവിന്‍റെ കഥ പറയുന്ന ചിത്രം ബാബുഭായി ഇല്ലാതെ എങ്ങനെ പൂർത്തിയാക്കാനാകുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ ചോദിക്കുന്നു.സുമേഷ് പരമേശ്വരന്‍റെ ഈണത്തിന് എ.പി.സോന വരികളെഴുതിയ ഗാനമാണ്  ബാബുഭായി പാടുന്നത്. പാട്ട് ജീവിതമാക്കിയ ഗായകന് ഈണങ്ങൾ പഠിപ്പിച്ചു നൽകുന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നെന്ന് സംഗീത സംവിധായകൻ സുമേഷ് പരമേശ്വർ പറഞ്ഞു.

സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. സോനയ്ക്കൊപ്പം റഫീക് അഹമ്മദും വരികളെഴുതുമ്പോള്‍ പി ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ, മൃദുല വാരിയർ എന്നിവരും ബാബുഭായിക്കൊപ്പം ഗായകരാകുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, സെബാ മറിയം കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം തുടങ്ങും.

click me!