11 കുടുംബങ്ങള്‍ വേണ്ടെന്ന് പറഞ്ഞു; പക്ഷെ സണ്ണി അവള്‍ക്ക് യെസ് പറഞ്ഞു

By Web DeskFirst Published Aug 4, 2017, 4:20 PM IST
Highlights

മുംബൈ: സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തപ്പോള്‍ ഇത്തിരിപ്പോന്ന ആ കുഞ്ഞിന്‍റെ നിറത്തെ പരിഹസിച്ചു കൊണ്ടാണ് ഒരു കൂട്ടര്‍ രംഗത്തെത്തിയത്. എന്നാല്‍, സണ്ണിയെ പരിഹസിച്ചവര്‍ ആ അമ്മ മനസിന്റെ നന്മ കാണാതെ പോയി. സണ്ണിയ്ക്ക് മുന്‍പ് 11 ഓളം ഇന്ത്യന്‍ കുടുംബങ്ങള്‍ ആ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍, അവളുടെ നിറവും ആരോഗ്യവും അവര്‍ക്കിടയില്‍ തടസ്സമായി. എന്നാല്‍, നിറവും കുടുംബ പശ്ചാത്തലവും ആരോഗ്യവും ഒന്നും പ്രശ്‌നമാക്കാതെയാണ് സണ്ണി ആ പെണ്‍കുഞ്ഞിന്റെ അമ്മയായത്. 

സണ്ണി ലിയോണ്‍ എന്ന സ്ത്രീയോട് ബഹുമാനം തോന്നിയ നിമിഷം, എന്ന് പറഞ്ഞുകൊണ്ടാണ് ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി സിഇഒ ലഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ഈ സത്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സണ്ണിലിയോണ്‍ സമര്‍പ്പിച്ചത്. 

എന്നാല്‍, ഏജന്‍സിയുടെ നിയമപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവസരം നല്‍കിയ ശേഷം മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അവസരം നല്‍കൂ. ഇന്ത്യക്കാരായ ദമ്പതികള്‍ കുട്ടിയെ കണ്ട് രണ്ടു മാസത്തിന് ശേഷവും അവനെയോ, അവളെയോ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടാകുകയുള്ളൂ. അത്തരത്തില്‍ 11 കുടുംബങ്ങള്‍ വേണ്ടെന്നു വെച്ച കുഞ്ഞിനെയാണ് സണ്ണി ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

click me!