
ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ നടി അര്‍ച്ചന പത്മിനി ഉയര്‍ത്തിയ ആരോപണം ശരിവച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ഓഡിയോ ക്ലിപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് ലഭിച്ചു. അര്‍ച്ചന ഉയര്‍ത്തിയ ആരോപണം ശരിയാണെന്ന് സമ്മതിക്കുമ്പോഴും അത് 'പല തവണ പ്രലോഭിപ്പിക്കപ്പെട്ടപ്പോള്‍ തന്റെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിക്ക് സംഭവിച്ച കൈയ്യബദ്ധ'മെന്നാണ് ബാദുഷയുടെ വിശദീകരണം. ഷെറിന്‍ ആവശ്യത്തിനുള്ള ശിക്ഷ അനുഭവിച്ച് കഴിഞ്ഞെന്നും ഈ ഘട്ടത്തില്‍ അയാളെ എങ്ങനെ സംരക്ഷിക്കണമെന്ന് സഹപ്രവര്‍ത്തകര്‍ കൂട്ടായി തീരുമാനമെടുക്കണമെന്നും ബാദുഷ പറയുന്നു. സിനിമാപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് തന്റെ അരിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായി ഉയര്‍ന്ന ആരോപണത്തോട് ബാദുഷയുടെ പ്രതികരണം.
ബാദുഷയുടെ ഓഡിയോ ക്ലിപ്പ് ഇങ്ങനെ
ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ഒരു സിനിമയില്‍ ഉണ്ടായിരുന്ന ഒരു വിഷയമാണ് ഇപ്പോള്‍ അവരെല്ലാം കൂടി പൊക്കിക്കൊണ്ട് വന്നിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് നടന്ന ഒരു സിനിമാ ചിത്രീകരണത്തില്‍ വച്ചുണ്ടായ വിഷയമാണ്. പത്ത് മാസം മുന്‍പാണ് അതിന്റെ തുടര്‍ നടപടികളും കാര്യങ്ങളുമൊക്കെ സംഭവിച്ചത്. അതെല്ലാം കഴിഞ്ഞു. കാര്യങ്ങളൊക്കെ സമാധാനപരമായി പോവുകയായിരുന്നു. അപ്പോഴാണ് ഈ ഇഷ്യു ഉണ്ടായത്. ഒരാഴ്ച മുന്‍പ് ഇതേക്കുറിച്ച് എനിക്ക് അറിവ് കിട്ടി. പല ഭാഗത്തുനിന്നും എനിക്ക് മുന്നറിയിപ്പ് കിട്ടി.
ഷെറിന്‍ എന്ന പയ്യന്‍ ഇപ്പോഴും എന്റെയൊപ്പം വര്‍ക്ക് ചെയ്യുന്നുണ്ട്. അവന് അങ്ങനെയൊരു അബന്ധം പറ്റിയിരുന്നു. പറ്റാനുള്ള കാരണങ്ങള്‍ വേറെ കുറേയുണ്ട്. പല പ്രാവശ്യം പ്രലോഭനങ്ങള്‍ കൊടുത്ത സമയത്ത് അവന്‍ ഒന്ന് പോയി നോക്കിയതാണ്. ഒരബന്ധം പറ്റി. അതിപ്പൊ ആര്‍ക്കും പറ്റുന്ന കാര്യങ്ങള്‍ തന്നെയാണ്. അവനെ ക്രൂശിക്കുന്നതില്‍ നിന്ന് പിന്മാറി, രക്ഷിക്കാനായി എന്തുചെയ്യാനാവും എന്നാണ് നമ്മളെല്ലാം ആലോചിക്കേണ്ടത്.
അതുപോലെ ഫെഫ്കയുടെ ഭാഗത്തുനിന്ന് എടുത്ത ഓരോ തീരുമാനങ്ങളും നമ്മളെ അറിയിക്കാതെ എടുത്തെങ്കിലും ബി.ഉണ്ണിയേട്ടനാണെങ്കിലും സിബി സാര്‍ ആണെങ്കിലും അന്നവിടെ ഉണ്ടായിരുന്ന എ കെ സാജന്‍ ആണെങ്കിലും സോഹന്‍ ആണെങ്കിലും എല്ലാവരും നമ്മുടെ സംഘടനകള്‍ക്കൊന്നും ദോഷം വരാത്ത രീതിയിലാണ് ആ തീരുമാനങ്ങളൊക്കെ എടുത്തിരുന്നത്. അത് എനിക്കും ഷെറിനും നന്നായി അറിയാവുന്ന കാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അവന് ആറ് മാസം വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പതിനൊന്ന് മാസം അവന്‍ വര്‍ക്ക് ചെയ്യാതിരിക്കേണ്ട അവസ്ഥയുണ്ടായി. പിന്നെ അവന്‍ ചെയ്തത് കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന സിനിമയാണ്.
എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ എല്ലാവരും ഒരു കാര്യം മാത്രം ചെയ്തുതരണം. എല്ലാവര്‍ക്കും പറ്റാവുന്ന കൈയ്യബദ്ധങ്ങളേ ഉള്ളൂ. അവന്‍ ക്രൂശിക്കപ്പെടാത്ത രീതിയില്‍ കാര്യങ്ങളെ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് എല്ലാവരുംകൂടി ഒരു തീരുമാനമെടുക്കണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ