
ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയേറ്ററിന് മറ്റൊരു നേട്ടം കൂടി. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷന് 51 ദിവസം കൊണ്ട് മൂന്ന് കോടി രൂപ കളക്ഷൻ ഇനത്തിൽ മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററായി മാറി ഏരീസ് പ്ലെക്സ്.
ഒരു വർഷത്തേക്ക് ബാഹുബലി: സിനിമ ടൂറിസത്തിനു പ്രചോദനം
ബാഹുബലി 4കെ പ്രൊജക്ഷനിൽ കാണാൻ അന്യ സംസഥാനങ്ങളിൽ നിന്നു പോലും തിരുവനന്തപുരത്തേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് ഏരീസ് പ്ലക്സിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഒരേ പ്രേക്ഷകർ തന്നെ വീണ്ടും വീണ്ടും വരുന്നത് കൊണ്ട് വരുമാനം അഞ്ചു കോടി രൂപ മറികടക്കും എന്നാണ് പ്രതീക്ഷ. സിനിമ ടൂറിസത്തിനു ആക്കം നൽകാനും വർദ്ധിച്ചു വരുന്ന പ്രേക്ഷകരുടെ ആവശ്യവും കാരണം ഒരു ഷോ എങ്കിലും ബാഹുബലിക്ക് മാത്രമായി ഒരു വർഷത്തേക്ക് നീട്ടാനാണ് പദ്ധതി. ഏരീസ് പ്ലെക്സ് ഒരു തുടക്കമാണ്. 2020 ഓടെ രാജ്യം മുഴുവൻ 4കെ നിലവാരമുള്ള 2000 മൾട്ടിപ്ളെക്സ് ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി ഒരുക്കുകയാണ് ലക്ഷ്യം യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനായ സോഹൻ റോയ് പറഞ്ഞു.
പുതിയ ദൃശ്യാനുഭവം
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകൾ ആധുനിക സംവിധാനങ്ങളാൽ സജ്ജീകരിച്ച തീയേറ്ററിൽ കാണുന്നത് പ്രത്യേക അനുഭവമാണ്, മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തിൽ പ്രധാനപങ്ക് വഹിക്കുന്നവർ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ (നിർമ്മാണം മുതൽ പ്രദർശനം വരെ) പുതിയതലങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതിൽ സന്തോഷമുണ്ട് സോഹൻ റോയ് പറഞ്ഞു.
2015 ജൂലൈ 10ന് റിലീസ് ചെയ്‌ത ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രദർശനത്തിൽ ഏരീസ് പ്ലെക്സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന് റെക്കോർഡ് ഏരീസ് പ്ലെക്സ് സ്വന്തമാക്കുകയും ചെയ്‌തു. ഒറ്റ തീയേറ്ററിൽ നിന്നും റെക്കോർഡ് കളക്ഷൻ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്‌തു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്സ്ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ