ജഗതിയുടെ മുമ്പില്‍ പാട്ടുപാടി ഓര്‍മ്മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍- വീഡിയോ

Published : Oct 18, 2016, 06:02 AM ISTUpdated : Oct 04, 2018, 06:29 PM IST
ജഗതിയുടെ മുമ്പില്‍ പാട്ടുപാടി ഓര്‍മ്മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍- വീഡിയോ

Synopsis

മലയാളികള്‍ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ജഗതി ശ്രീകുമാറിന്റേത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരും എന്ന് എല്ലാവരും പ്രതീക്ഷിക്കാറുമുണ്ട്. ആ പ്രതീക്ഷയാണ് ബാലചന്ദ്രമേനോനും. ഇരുവരും തമ്മിലുള്ള ഓര്‍മ്മകളിലെ ഡയലോഗ് കടമെടുക്കുകയാണെങ്കില്‍ ബാലചന്ദ്ര മേനോനു പറയാനുള്ളത് ഇതാണ് - "അതെ അളിയാ..ശരിയാകും..നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ആ ശക്തി ഉണ്ടാവട്ടെ "!! ജഗതിയുടെ മുമ്പില്‍ പാട്ടുപാടുന്ന തന്റെ വീഡിയോയും ഷെയര്‍ ചെയ്‍ത് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുന്നു.


ബാലചന്ദ്രമേോന്റെ ഫേസ്ബുക്ക് കുറിപ്പ്

ജഗതി ശ്രീകുമാറിനെപ്പറ്റി പറയുമ്പോൾ രസകരമായ ഒരു കാര്യമുണ്ട് .
അങ്ങോട്ടും ഇങ്ങോട്ടും "എടാ"എന്നും "അളിയാ " എന്നും വിളിക്കുന്ന ഒരു ബന്ധമാണു ഞങ്ങൾക്കിടയിലുള്ളത് . അത് തുടങ്ങുന്നത് ഞങ്ങളുടെ കോളേജ് ജീവിതത്തിലാണ് . ഞാൻ യൂണിവേഴ്സിറ്റി കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയി വിലസുമ്പോൾ ശ്രീകുമാർ ( അന്ന് എനിക്കും അടുത്ത പലർക്കും അവൻ അമ്ബിളി ആയിരുന്നു ) മാർ ഇവാനിയോസ് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു .നഗരത്തിലെ കോളേജുകളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു "സ്റുഡന്റ്റ്‌സ് ആർട്സ് സൊസൈറ്റി" എന്നൊരു സംഘടന രൂപീകരിക്കാനാൻ ഞാൻ പാളയത്തെ സ്റ്റുഡന്റസ് സെന്ററിൽ വിളിച്ചുകൂട്ടിയ മഹാസമ്മേളനത്തിൽ ആകെ പങ്കെടുത്തത് ജഗതി ശ്രീകുമാറും പിന്നെ ഈയുള്ളവനുമായിരുന്നു . ഞങ്ങൾ രണ്ടുപേർക്കും ഒരു ചളിപ്പുമുണ്ടായില്ല . കൃത്യസമയത്തു തന്നെ യോഗനടപടികൾ ആരംഭിച്ചു. ഒഴിഞ്ഞ കസേരകളെ അഭിസംബോധനം ചെയ്തുള്ള ഒരു മോണോ ആക്ട് അവൻ അവതരിപ്പിച്ചു. അതിന്റെ അന്ത്യകൂദാശയായ് ഞാൻ " നീയും ഞാനും നമ്മുടെ മോഹവും കൈമാറാത്ത വികാരമുണ്ടോ " എന്ന് നദിയിൽ വയലാർ വയലാർ-ദേവരാജൻ -യേശുദാസ് കൂട്ടുകെട്ടിന്റെ സംഗമം എന്ന പാട്ടു തൊണ്ടകീറിപ്പാടി. മെലിഞ്ഞ എന്റെ കഴുത്തിലെ ഞെരമ്പുകൾ വല്ലാതെ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച്‌ അവൻ പറഞ്ഞു :
"വിഷമിക്കണ്ട അളിയാ ....നമ്മൾ വീണ്ടും കാണും ...എല്ലാം ശരിയാകും.. നമ്മൾ ശരിയാക്കും "
പിന്നെ ഞങ്ങൾ വീണ്ടും കാണുന്നത് അന്നത്തെ മദദിരാശിയിൽ വെച്ചാണ് .പത്ര പ്രതിനിധിയായി ഞാൻ എത്തും മുൻപേ സിനിമയിൽ അവസരങ്ങൾ തേടി അവൻ കോടമ്പാക്കത്തു തമ്പടിച്ചു കഴിഞ്ഞിരുന്നു പിന്നെയും ഒരുപാട് സായാഹ്നങ്ങൾ ഞങൾ ഒരുമിച്ചു കൂടി. അടൂർ ഭാസിയുടെ ഹാസ്യസാമ്രാജ്യത്തിൽ കടന്നുകൂടാനുള്ള പങ്കപ്പാടുകൾ ഞങ്ങൾ ഒരുപാട് പങ്കു വെച്ചു .സംവിധായകനാകാനാണ് എന്റെ ഗൂഢമായ മനസ്സിലിരിപ്പ് എന്ന് പറഞ്ഞപ്പോൾ അവൻ പതിവുപോലെ തോളിൽ തട്ടി കൈ പിടിച്ചു കുലുക്കി പറഞ്ഞു .
" വിഷമിക്കണ്ട അളിയാ ...എല്ലാം ശരിയാകും ...നമ്മൾ ശരിയാക്കും ..."
പിന്നെ ഞങ്ങൾ കാണുമ്പൊൾ രണ്ടുപേരും അവരവരുടേതായ രീതിയിൽ കാര്യങ്ങൾ ശരിയാക്കി കഴിഞ്ഞിരുന്നു .ജഗതിയുണ്ടെങ്കിൽ ഒരു പുതിയ സംവിധായകനു ഏതു നിർമ്മാതാവും പടം കൊടുക്കുന്ന അവസ്ഥയിലെത്തി. ആയിടക്ക് ഒരിക്കൽ ഞങൾ രണ്ടുപേരും മദ്രാസ് എയർപോർട്ടിൽ എത്തുമ്പോൾ ജഗതിയെ സ്വീകരിച്ചു കൊണ്ടുപോകാൻ ആറു പ്രൊഡക്ഷൻ കാറുകൾ വരിവരിയായി കാത്തുനിന്നു മത്സരിക്കുന്നു .ആ രാത്രി കൊണ്ട് താന്താങ്ങളുടെ ചിത്രത്തിലെ ഡബ്ബിങ് തീർക്കുക എന്നതാണ് കാര്യം . തമ്മിലടിക്കുന്ന അവരെ നോക്കി അവൻ പറഞ്ഞ മറുപടി ഇപ്പോഴും എന്റെ മനസ്സിലുണ്ട് ..
" നിങ്ങൾ ഒരു തീരുമാനമെടുക്കാൻ കാര്യമായ താമസമുണ്ടാകുമെങ്കിൽ ഞാൻ അടുത്ത ഒരു ആശുപത്രിയിൽ പോയി മാസങ്ങളായി എന്നെ ബുദ്ധിമുട്ടിക്കുന്ന മൂലക്കുരു ഒന്ന് ആപ്പറേറ്റു ചെയ്തിട്ട് വരാം"
അണിയാത്ത വളകൾ ,ഇഷ്ട്ടമാണുപക്ഷെ ,കാര്യം നിസ്സാരം ,അമ്മയാണെ സത്യം, ഏപ്രിൽ 19 തുടങ്ങിയ ചിത്രങ്ങളിൽ ജഗതി ശ്രീകുമാർ എന്ന നടന്റെ കഴിവുകളെ ഒരു സംവിധായകൻ എന്ന നിലയിൽ നന്നായിപ്രയോജനപ്പെടുത്താൻ എനിക്ക് കഴിഞ്ഞു. മറ്റുള്ളവരുടെ ചിത്രങ്ങളിൽ ഞങ്ങൾ നടന്മാരായി സഹകരിച്ചിട്ടുമുണ്ട്. .മുള്ളാൻ നേരമില്ലാതെ ഓടിനടന്നു അഭിനയിച്ചു ഡേറ്റുകൾ കുഴപ്പിക്കുന്നു എന്ന ചീത്തപ്പേരുണ്ടാക്കിയ കാലത്തും എന്റെ എല്ലാ ചിത്രങ്ങളിലും
സമയത്തു തന്നെ വന്നു സഹകരിച്ചിട്ടുള്ളത് ഞാൻ പ്രത്യേകം ഓർക്കുന്നു .
'നീ ഭയങ്കര മുങ്ങൽ വിദഗ്ധനാണെന്നു ഒരു പറച്ചിൽ പൊതുവേ ഉണ്ട്‌ ..കേട്ടോ ?" ഒരിക്കൽ ഞാൻ പറഞ്ഞു
" എടാ അളിയാ ,,,ചിലയിടങ്ങളിൽ മുങ്ങേണ്ടി വരും ....നിന്റെ സെറ്റിൽനിന്നു ഞാൻ മുങ്ങിയിട്ടില്ലല്ലോ പിന്നെ മിണ്ടാണ്ടിരി --"
ജഗതി ശ്രീകുമാറിന്റെ കാര്യത്തിൽ ആർക്കും അധികമറിയാത്ത എന്നാൽ അഭിമാനകരമായ ഒരു റിക്കാർഡ് എന്റെ വകയായി ഉണ്ട് .ജഗതി ശ്രീകുമാറിന്റെ അച്ഛൻ നാടകകൃത്തും നടനുമായ ശ്രീ ജഗതി എൻ. കെ. ആചാരി എന്റെ "ഞങ്ങളുടെ കൊച്ചു ഡോക്റ്റർ " എന്ന ചിത്രത്തിൽ
ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മകൻ രാജ് കുമാറാകട്ടെ ഏപ്രിൽ 19 എന്ന ചിത്രത്തിലും അഭിനയിച്ചു എന്ന് പറയുമ്പോൾ ആ കലാകുടുംബത്തിലെ മുന്ന് തലമുറകളെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ആ സൗഭാഗ്യത്തിന് നന്ദി പറയുകയും ഇനീം തുടർന്നാൽ "നിങ്ങൾ പൊങ്ങച്ചം തുടങ്ങി " എന്ന് പറയുമോ എന്നുഭയന്നു അതിവിടെ നിർത്തുകയും ചെയ്യുന്നു .( മറ്റുള്ളവർ അറിഞ്ഞിട്ടില്ല എന്ന് നടിക്കുന്നതുകൊണ്ടു എന്റെ "ഇത്തിരി നേരം ഒത്തിരികാര്യം " എന്ന പുസ്തകത്തിൽ ഇക്കാര്യം കാര്യമായി പരാമര്ശിച്ചിച്ചിട്ടുണ്ട് )
ജഗതി ശ്രീകുമാറിന്റെ പൊടുന്നനെ ഉണ്ടായ ദുരന്തം മലയാള സിനിമക്കേറ്റ ഒരു കനത്ത പ്രഹരം തന്നെ ആയിരുന്നു. ആദ്യകാലങ്ങളിൽ ഞാൻ വെല്ലൂരിൽ പോയി കണ്ടതിനേക്കാൾ, അമേരിക്കക്കു പോകും മുൻപേ ഞാൻ വീട്ടിൽ ചെന്ന് കാണുമ്പോൾ അവന് ഒരുപാട് തിരിച്ചറിവുകൾ ഉള്ളതായി തോന്നി .മറ്റു സന്ദർശകരും മാധ്യമങ്ങളൊന്നും ഇല്ലാതെയുള്ള സ്വകാര്യതയിൽ ഞങ്ങൾ അൽപ്പ സമയം ചെലവഴിച്ചപ്പോൾ മകൻ രാജ് എന്റെ മൊബൈയിലിൽ പകർത്തിയ ഒരു വീഡിയോ ദ്ര്യശ്യം ആണ് ഞാൻ നിങ്ങൾക്കൊപ്പം ഷെയർ ചെയ്യുന്നത് .
.
പണ്ടൊരിക്കൽ ബോംബയിൽ "അച്ചുവേട്ടന്റെ വീടി" ന്റെ ഒരു പ്രദർശനം നടന്നപ്പൊൾ ഒരു പത്രപ്രതിനിധി ഒരു കുസൃതി ചോദ്യം ചോദിച്ചു :
"ഒരു നടൻ എന്ന നിലയിൽ നിങ്ങൾ മലയാളത്തിൽ ഒരുമിച്ചു അഭിനയിക്കാൻ ആഗ്രഹിക്കുന്നത് ആർക്കൊപ്പമാണ് ?"
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇതിൽ ഒരു ഉത്തരമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് എനിക്കറിയാം .എന്നാൽ ഒരു സംശയവും കൂടാതെ ഞാൻ പറഞ്ഞു :
"ആണിന്റെ കൂട്ടത്തിൽ ജഗതി ശ്രീകുമാർ..
.പെണ്ണാണെങ്കിൽ ...."
എനിക്ക് ചുറ്റുമുള്ള കണ്ണുകൾ ആകാംഷാഭരിതങ്ങളായി.
"കൽപ്പന .."
അവരുടെ അഭാവം മലയാള സിനിമ , പ്രേക്ഷകർ അതിലേറെയും ഇന്ന് മനസ്സിലാക്കുന്നുണ്ട് ...
യാത്ര പറയും മുൻപ് ഞങ്ങളുടെ കണ്ണുകൾ ശരിക്കും ഒന്നിടഞ്ഞു .
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉതിർന്നു ...
1974 ൽ ഞാൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ കണ്ട അതെ ചിരി . ആ ചിരി മൗനമായി എന്നോട് പറഞ്ഞു ..
"അളിയാ ..നീ വിഷമിക്കണ്ട ...എല്ലാം ശരിയാകും ...ഞാൻ ശരിയാക്കും "
എൻറെ മനസ്സും പറഞ്ഞു :
"അതെ അളിയാ..ശരിയാകും..നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് ആ ശക്തി ഉണ്ടാവട്ടെ "!!
that's ALL your honour !

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു