ബോളിവുഡ് താരം മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

By Web TeamFirst Published Feb 9, 2019, 11:49 PM IST
Highlights

മലയാളത്തിൽ മോഹൻ‌ലാൽ നായകനായെത്തിയ അഭിമന്യുവിലും മഹേഷ് അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് അഭിമന്യു.  

മുംബൈ: പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. ദുരൂഹ സാഹചര്യത്തിൽ മുംബൈയിലെ വീടിനുള്ളിൽ ശനിയാഴ്ചയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിലെ അന്ധേരിയിലെ യാരി റോഡിലാണ് മഹേഷ് ആനന്ദിന്റെ വസതി. വീടിനുള്ളിൽനിന്ന് ആത്മഹത്യ കുറിപ്പോ ആത്മഹത്യയാണെന്ന് തോന്നിക്കും വിധമുള്ള തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മരണകാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. 

90കളിലെ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. അഭിനയിച്ച ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ 'വില്ലൻ' എന്ന് പേരിട്ട് വിളിച്ചത്. ഷഹെന്‍ഷാ (1988), കൂലി നമ്പര്‍ 1(1995), കുരുക്ഷേത്ര (2000), സ്വര്‍ഗ് (1990), വിജേത (1996) എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വില്ലനായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

മലയാളത്തിൽ മോഹൻ‌ലാൽ നായകനായെത്തിയ അഭിമന്യുവിലും മഹേഷ് അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് അഭിമന്യു. ബോളിവുഡ് നടൻ ഗോവിന്ദ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രംഗീല രാജയാണ് മഹേഷ് ആനന്ദ് അവസാനമായി അഭിനയിച്ച സിനിമ. ജനുവരി 18നായിരുന്നു ചത്രം റിലീസ് ചെയ്തത്.  

click me!