ഉഡ്ത പഞ്ചാബ് സെന്‍സര്‍ വിവാദം: പ്രതിഷേധം കനക്കുന്നു

By Web DeskFirst Published Jun 8, 2016, 12:46 PM IST
Highlights

വ്യക്തികളെയോ,സമുദായത്തെയോ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന സിബിഎഫ്സി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉഡ്ത പഞ്ചാബില്‍ 89 മുറിച്ചുമാറ്റലുകള്‍ നിര്‍ദേശിച്ചതെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പങ്കജ് നിഹ്ലാനിയുടെ വാദം. ഉഡ്തയെ ഇല്ലാതാക്കുന്ന നിഹ്ലാനിയുടെ നടപടിക്കെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി.  

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പങ്കജ് നിഹ്ലാനി ഉത്തരകൊറിയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അനുരാഗ് കശ്യപിന്റെ പ്രതിഷേധ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോലും അനുരാഗ് തന്‍റെ ദേഷ്യം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ബോളിവുഡ് നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സംഘടന ഉഡ്തക്ക് പരസ്യപിന്തുണയറിയിച്ചത്.

സെന്‍സര്‍ ബോര്‍ഡ് ഏകാധിപതികളെ പോലെ പെരുമാറുന്നു, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുമ്പോള്‍ ക്ഷോഭിച്ചിട്ട് കാര്യമില്ല - മഹേഷ് ഭട്ട്

ഉഡ്ത പഞ്ചാബ് നിരോധിച്ചതുകൊണ്ട് പഞ്ചാബിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് മാര്‍ഗം കണ്ടെത്തുകയാണ് വേണ്ടതെന്നും ട്വീറ്റുചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉഡ്തയിലെ രാഷ്ട്രീയപ്പോരിനും മൂര്‍ച്ച കൂട്ടി. അടുത്തവര്‍ഷം പഞ്ചാബില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍  സെന്‍സര്‍ ബോര്‍ഡിനെ ഭരണകക്ഷികള്‍ സ്വാധീനിച്ചതായും ആരോപണമുയര്‍ന്നു. 

സിനിമയുടെ റിലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പങ്കജ് നിഹ്ലാനി ബിജെപിയുടെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.. അതിനിടെ, സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 


 

click me!