
കൗതുകം തോന്നി. പലതും പലതിന്‍റെയും പകര്‍പ്പുകളായിരുന്നു. കൊടുക്കല്‍ വാങ്ങലുകളും പ്രചോദിത സൃഷ്ടികളുമൊക്കെ ഉണ്ടായിട്ടുണ്ട് സിനിമാസംഗീതത്തില്‍. പക്ഷേ അതുപോലെയല്ലല്ലോ ഈച്ചക്കോപ്പി. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഇങ്ങനെ പരസ്പരം അടിച്ചുമാറ്റലുകള്‍ നടന്നിട്ടുണ്ട്. വിദേശഭാഷകളില്‍ നിന്നും ഈണങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖരായ പലസംഗീത സംവിധായകരുടെയും നിരവധി ഈണങ്ങള്‍ ഇങ്ങനെ ഉണ്ടാക്കിയവയാണ്.
ബോളിവുഡ് ഗാനങ്ങളിലെ കോപ്പിയടി കൗതുകം ഇരട്ടിപ്പിച്ചു. കാരണം അയല്‍രാജ്യമായ പാക്കിസ്ഥാനിലെ ഹിറ്റ് ഗാനങ്ങളുടെ പകര്‍പ്പുകളായിരുന്നു പലതും. അതിനാല്‍ ഇവിടെ പരിശോധിക്കുന്നതും അത്തരം ചില ഗാനങ്ങള്‍ മാത്രമാണ്. ഒരുകാലത്ത് രാജ്യം തകര്‍ത്താഘോഷിച്ച പല ഗാനങ്ങളും അയല്‍ക്കാരന്‍റെ സൃഷ്ടികളായിരുന്നു എന്നറിയുമ്പോള്‍ ചിലരെങ്കിലും ഞെട്ടിയേക്കും; പ്രത്യേകിച്ചും ദേശസ്നേഹികള്‍.
വിഭജനത്തിനും മുമ്പും ശേഷവുമൊക്കെയുള്ള ഇന്ത്യന്‍, പാക്കിസ്ഥാനി സിനിമാസംഗീതത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ശക്തമായ സാനിധ്യമുണ്ട്. ഗസലിന്‍റെയും ഖവാലിയുടെയുമൊക്കെ സ്വാധീനവുമുണ്ട്. ഓര്‍ക്കസ്ട്രേഷനിലും ഇത്തരം സാദൃശ്യങ്ങള്‍ കാണാം. ഒരുപക്ഷേ ഉപകരണസംഗീതത്തിലെ സമാനത മൂലമാവാം ഇത്. ഖവാലിയും ഗസലും സൂഫി സംഗീതവുമെല്ലാം ഉപഭൂഖണ്ഡത്തിലെ മിക്ക സംഗീതസംവിധായകരും പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. വിഭജനത്തിനു മുമ്പുള്ള ആദ്യകാല ബോളീവുഡ് ഗാനങ്ങളില്‍ പരമ്പരാഗത ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനം ശക്തമായിരുന്നെങ്കിലും ഭൂരിപക്ഷം സൃഷ്ടികളും മൗലികമായിരുന്നു.
എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ ഈ രീതിക്ക് മാറ്റം വന്നു. ഖവാലികളും ആദ്യകാല പാക്കിസ്ഥാനി ചലച്ചിത്ര ഗാനങ്ങളും അതേപടി പകര്‍ത്തുകയായിരുന്നു പല ഇന്ത്യന്‍ സംഗീത സംവിധായകരും. അനുമാലിക്കും നദീം ശ്രാവണും ആര്‍ ഡി ബര്‍മ്മനും ആനന്ദ് മില്ലിന്ദുമൊക്കെ പകര്‍പ്പെടുക്കാനായിരുന്നു മത്സരിച്ചതെന്ന് ഇപ്പോള്‍ തോന്നുന്നു. പാക്ക് സംഗീത സംവിധായകരായ എം അഷ്റഫും നഷാദുമൊക്കെ അറുപതുകളിലും എഴുപതുകളിലും പാക്കിസ്ഥാനി - ഉറുദു ചിത്രങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച ഈണങ്ങള്‍ അതേപടി ഖൈബര്‍ ചുരം കടന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു പല ഇന്ത്യന്‍ സംഗീത സംവിധായകരും.
ദേശീയതയെക്കുറിച്ച് പലരും വല്ലാതെ ഊറ്റം കൊള്ളുന്ന കാലമാണല്ലോ ഇത്. അതുകൊണ്ട് ഖവാലിയിലേക്കും ഗസലിലേക്കുമൊക്കെ വരുന്നതിനു മുമ്പ് രണ്ടക്ഷരം വീതം മാറ്റിയെഴുതി ദേശീയത പോലും പരസ്‌പരം പകര്‍ത്തിയ ഒരു ഗാനത്തില്‍ നിന്നു തന്നെ തുടങ്ങാം.
ഷഹലുദ്ദീന്‍ പര്‍വേസ് സംവിധാനം ചെയ്ത യാദോം കാ മോസം(1991) ആണ് ചിത്രം . സംഗീതം ആനന്ദ് മില്ലിന്ദ്. വേദിയില്‍ വേദിയില്‍ കിരണ്‍കുമാറും ഒപ്പം ഇന്ത്യയുടെ തിളങ്ങുന്ന ഭൂപടവും. 'ദില്‍ ദില്‍ ഹിന്ദുസ്ഥാന്‍' എന്നു തുടങ്ങുന്ന ദേശീയത തുളുമ്പുന്ന ഗാനം ആലപിച്ചത് വിജയ് ബനഡിക്ട്
ഇനി പാക്കിസ്ഥാനിലെ പോപ്പ് ബാന്‍ഡ് വിറ്റല്‍ സിന്‍സിന്റെ മെഗാഹിറ്റ് ഗാനം 'ദില്‍ ദില്‍ പാക്കിസ്ഥാന്‍' കേള്‍ക്കുക. ഞെട്ടരുത്. ഒരേ ഈണം. രാജ്യനാമം മാത്രം വ്യത്യസ്തം. ഇസ്ലാമാബാദ് കേന്ദ്രകഥാപാത്രമായി വരുന്ന ദില്‍ദില്‍ പാക്കിസ്ഥാന്‍ എന്ന വീഡിയോ സോങ്ങ് 1987ല്‍ പാക്കിസ്ഥാന്‍ ടെലിവിഷന്‍ പിടിവിയാണ് ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്. ഷൊഹൈബ് മന്‍സൂര്‍ രചിച്ച ഉറുദു കാവ്യമാണിത്. പാക്കിസ്ഥാന്റെ അനൗദ്യോഗിക ദേശീയ ഗാനം എന്ന് അറിയപ്പെടുന്ന ഈ ഗാനം 2003ല്‍ ബിബിസി ജനപ്രിയ ഗാനങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. 2014ല്‍ ഈ ഗാനത്തിന്‍റെ റീമേക്ക് വേര്‍ഷനും പുറത്തിറങ്ങി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ