
സമീപകാലത്ത് മൗത്ത് പബ്ലിസിറ്റിയിലൂടെ വൻ വിജയം കൈവരിച്ച സിനിമകൾ നിരവധിയായി മലയാളത്തിൽ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ചിത്രം ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറിലാണ് ഒരുക്കിയിരുന്നത്. മമ്മൂട്ടിയുടെ പ്രെസൻസ് ഉൾപ്പടെയുള്ള രേഖാചിത്രത്തിന് ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നിലവിൽ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിവരങ്ങൾ പുറത്തുവരികയാണ് ഇപ്പോൾ.
ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം രേഖാചിത്രം ഇന്ത്യയിൽ നിന്നു മാത്രം 21 കോടിയോളം നേടി. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തെ കണക്കാണിത്. ഓവർസീസിൽ നിന്നും 17 കോടിയും ഇന്ത്യ ഗ്രോസ് കളക്ഷനിൽ നിന്നും 25.15 കോടിയും രേഖാചിത്രം നേടിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 42.15 കോടി രൂപയാണ് ആസിഫ് അലി പടം ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ടുകൾ.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം കൂടിയാണിത്.
പലതും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല, പൊതു സമൂഹത്തോട് മാപ്പ്: വിനായകൻ
ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മികച്ച തിരക്കഥക്കൊപ്പം ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..