Latest Videos

ഒറ്റ ദിവസം, ഒന്നല്ല മൂന്ന് റീ റിലീസുകള്‍; അജിത്ത് ചിത്രങ്ങള്‍ കാണാന്‍ ആളെത്തിയോ? ആദ്യദിനം നേടിയ കളക്ഷന്‍

By Web TeamFirst Published May 5, 2024, 5:00 PM IST
Highlights

മൂന്ന് ചിത്രങ്ങളും മെയ് 1 നാണ് എത്തിയത്

തമിഴ് സിനിമാ വ്യവസായത്തിലെ പുതിയ ട്രെന്‍ഡ് റീ റിലീസുകളാണ്. ബാഷ പോലെയുള്ള ചില മുന്‍കാല ഹിറ്റുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അടുത്ത കാലത്താണ് സ്ഥിരമായി റീ റിലീസുകള്‍ തിയറ്ററുകളില്‍ എത്താന്‍ തുടങ്ങിയത്. വിജയ് ചിത്രം ഗില്ലിയാണ് അക്കൂട്ടത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുണ്ടാക്കിയത്. തമിഴില്‍ ഏറ്റവും ആരാധകരുള്ള മറ്റൊരു താരത്തിന്‍റെ പഴയ ചിത്രങ്ങളും അടുത്തിടെ റീ റിലീസിന് എത്തിയിട്ടുണ്ട്. അജിത്ത് കുമാറിന്‍റേതാണ് അത്.

ഒന്നല്ല, മൂന്ന് അജിത്ത് കുമാര്‍ ചിത്രങ്ങളാണ് ഒരേ ദിവസം റീ റിലീസ് ചെയ്യപ്പെട്ടത്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2001 ല്‍ പുറത്തെത്തിയ ദീന, വിഷ്ണുവര്‍ധന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ബില്ല, വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ മങ്കാത്ത എന്നിവയാണ് ആ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളും മെയ് ദിനത്തിലാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ മങ്കാത്തയ്ക്ക് വിദേശത്ത് മാത്രമാണ് റീ റിലീസ് ഉണ്ടായിരുന്നത്. 

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് റീ റിലീസ് ചെയ്യപ്പെട്ട മെയ് 1 ന് നേടിയത് 2 കോടിക്ക് മുകളിലാണ്. മങ്കാത്ത 80 ലക്ഷം നേടിയപ്പോള്‍ ദീന 75 ലക്ഷവും ബില്ല 50 ലക്ഷവുമാണ് നേടിയത്. അജിത്ത് കുമാറിനെ താരപരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ച ചിത്രമായിരുന്നു ദീന. എ ആര്‍ മുരുഗദോസിന്‍റെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത് 2001 ജനുവരിയില്‍ ആയിരുന്നു. സുരേഷ് ഗോപിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അജിത്ത് കുമാറിന് മാസ് അപ്പീല്‍ ഉള്ള ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമാണ്.

ALSO READ : പാന്‍ ഇന്ത്യന്‍ കാത്തിരിപ്പിന് അവസാനം; 5 ഭാഷകളില്‍ 'മഞ്ഞുമ്മല്‍ ബോയ്‍സ്' ഒടിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!